ചെന്നൈ: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ.സി.എ.എ ഭരണഘടനക്കും മതേതര മൂല്യങ്ങൾക്കും നിരക്കാത്തതാണെന്ന് പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.രാജ്യത്തിലെ മത സൗഹാർദത്തിന് നല്ലതായിരിക്കില്ലെന്നും പ്രമേയത്തിൽ വിശദീകരിച്ചു.മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്.

''ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരികൾ എല്ലാ ജനങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും ഉൾകൊണ്ട് പ്രവർത്തിക്കുന്നവരാകണം. പക്ഷേ സി.എ.എ അഭയാർഥികളെ സ്വീകരിക്കുന്നതിന് പകരം മതത്തിന്റെ പേരിലും വരുന്ന രാജ്യങ്ങളുടെ പേരിലും വേർതിരിക്കുന്നു'' -സ്റ്റാലിൻ പറഞ്ഞു.

ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്ക് രാജ്യത്ത് പൗരത്വം നേടുന്നതിനുള്ള സാധ്യതകളും സി.എ.എ തടയുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു.അതേസമയം പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ നിയമസഭയിൽ നിന്നും വാക്ക് ഔട്ട് നടത്തി.

കേരളം, പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ് (ഇപ്പോൾ ബിജെപി), ഛത്തീസ്‌ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളും സി.എ.എക്കെതിരെ നേരത്തേ പ്രമേയം പാസാക്കിയിരുന്നു.