ചെന്നൈ: തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന സീരിയൽ താരത്തെ വെട്ടിക്കൊലപ്പെടുത്തി. തമിഴ് ചാനലായ സ്റ്റാർ വിജയിലെ ഹിറ്റ് സീരിയലായ തേന്മൊഴി ബി.എയിലെ വില്ലൻ കഥാപാത്രം ചെയ്തിരുന്ന സെൽവരത്തിനമാണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു. ദീപാവലിയായതിനാൽ ശനിയാഴ്ച സെൽവരത്തിനത്തിന് ഷൂട്ടിങ് ഉണ്ടായിരുന്നില്ല. ഒരു സുഹൃത്തിനൊപ്പമായിരുന്നു ശനിയാഴ്ച സെൽവരത്തിനം കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെത്തുടർന്ന് സെൽവരത്തിനം പുറത്തുപോവുകയും തൊട്ടുപിന്നാലെ സെൽവത്തിനു വെട്ടേറ്റതായി സുഹൃത്തിനു വിവരം ലഭിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്. ശ്രീലങ്കൻ അഭയാർഥി കുടുംബത്തിൽപ്പെട്ട സെൽവരത്തിനം പത്തു വർഷത്തിലേറെയായി തമിഴ് സീരിയൽ രംഗത്തുണ്ട്.ഭാര്യയും മക്കളും വിരുദുനഗറിലാണ് താമസിക്കുന്നത്.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാവുന്നതെന്നാണ് പൊലീസ് പറയുന്നത്.