ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിനെതിരെ തമിഴ്‌നാട് ബിജെപി പ്രക്ഷോഭത്തിലേക്ക്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പു സംബന്ധിച്ച് തമിഴ്‌നാടും കേരളവും തമ്മിൽ രഹസ്യ കരാർ ഉണ്ടാക്കിയിരിക്കുകയാണെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചു.

ജലനിരപ്പ് 136 അടി എത്തിയപ്പോഴേക്കും സ്പിൽവേ ഷട്ടറുകൾ ഉയർത്തിയത് ഈ കരാറിന്റെ ഭാഗമാണെന്ന് അണ്ണാമലൈ ആരോപിച്ചു. വെള്ളം തുറന്നുവിട്ടതിന് എതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. സ്പിൽവേ ഷട്ടറുകൾ തുറക്കാൻ അവകാശം തമിഴ്‌നാടിനാണ്. മുമ്പ് തമിഴ്‌നാട് ജലവിഭവ മന്ത്രിയുടെയും തേനി കലക്ടറുടെയും സാന്നിധ്യത്തിലാണ് ഷട്ടറുകൾ തുറന്നിട്ടുള്ളത്. ഇത്തവണ കേരള ജലവിഭവ മന്ത്രി ഷട്ടറുകൾ തുറക്കുകയായിരുന്നു. ഇത് രഹസ്യ ഉടമ്പടിയുടെ ഭാഗമാണ്.

തമിഴ്‌നാട്ടിലെ കർഷകരെ ചതിച്ചുകൊണ്ട് ഡിഎംകെ സർക്കാരും കമ്യൂണിസ്റ്റ് സഖ്യകക്ഷികളും ചെർന്ന് കേരളവുമായി ഒത്തുകളിക്കുകയാണ്. 136 അടി എത്തിയപ്പോഴേക്കും സ്പിൽവേ ഷട്ടറുകൾ തുറക്കുകയായിരുന്നു. 142 അടി വരെ വെള്ളം സംഭരിക്കാമെന്ന് സുപ്രിം കോടതി വിധി നിലനിൽക്കുമ്പോഴാണ് ഇത്- അണ്ണാമലൈ പറഞ്ഞു.

സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി തേനി കല്കടറുടെ ഓഫിസിലേക്കു മാർച്ച നടത്തുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചു.