ചെന്നൈ: കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങളുടെ ചുമതല നിർവ്വഹിക്കാൻ അനുവദിക്കണമെന്ന് തമിഴ്‌നാട് ധനമന്ത്രി ഡോ. പഴനിവേൽ ത്യാഗരാജൻ. ഡൽഹിയിലിരുന്നുകൊണ്ട് തമിഴ്‌നാട്ടിലെയോ കേരളത്തിലെയോ ഒരു ഗ്രാമത്തിലെ ബാർബർ ഷോപ് തുറക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നതിലെ യുക്തിയെ ചോദ്യം ചെയ്ത ഡോ. ത്യാഗരാജൻ കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിന് ഇരട്ട വ്യക്തിത്വമാണെന്നും വിമർശിച്ചു.

ആന്റി വൈറൽ മരുന്നുകളായ റെംഡിസ്വിർ ഉൾപ്പെടെയുള്ളവയുടെ മൊത്തം സംഭരണവും വിതരണവും തങ്ങൾക്കാണെന്നാണെന്ന് അവകാശപ്പെടുന്ന കേന്ദ്ര സർക്കാർ വാക്സിനുകൾ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാങ്ങണമെന്ന് പറയുന്നത് തീർത്തും അയുക്തിപരവും ദയാരഹിതവുമായ നടപടിയാണെന്ന് ഡോ. ത്യാഗരാജ് ചൂണ്ടിക്കാട്ടി. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഡോ. പഴനിവേൽ ത്യാഗരാജന്റെ പ്രതികരണം.

കേന്ദ്ര സർക്കാർ പരിപാടികളുടെ ആശയവിനിമയം ഹിന്ദിയിലാണെന്നത് വിഷമകരമാണെന്നും അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയിൽ നടത്തുന്ന പ്രസംഗങ്ങൾ പൊതുവെ കേൾക്കാറില്ലെന്നും ഡോ. ത്യാഗരാജൻ പറഞ്ഞു. പലപ്പോഴും നീണ്ട പ്രസംഗങ്ങൾക്കൊടുവിൽ അദ്ദേഹം പറയുന്നത് പാത്രം കൊട്ടണമെന്നോ മെഴുകുതിരി കത്തിക്കണമെന്നോ ആയിരിക്കുമെന്നും അദ്ദേഹം വിമർശിച്ചു.