തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ അനൈക്യമാണെന്ന് എഐസിസി ജന സെക്രട്ടറിതാരിഖ് അൻവർ. ഹൈക്കമാന്റിന് നൽകിയ റിപ്പോർട്ടിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള കണ്ടെത്തലുകൾ.

'സംസ്ഥാനത്തെ കോൺഗ്രസിൽ നേതാക്കൾക്കിടയിലുള്ള അനൈക്യമാണ് തെരെഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായത്. നേതൃത്വം ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാൻ കഴിഞ്ഞില്ല. അതിനാൽ ഈ അനൈക്യം പാർട്ടി പ്രവർത്തകരിലും അണികളിലും പ്രകടമായി. ഗ്രൂപ്പു നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്ടം പോലെ പ്രവർത്തിച്ചു. ഇത് തന്നെയാണ് പരാജയത്തിന് പ്രധാന കാരണമായത്. താഴെത്തട്ടിൽ ഇടതുപക്ഷത്തെ നേരിടാൻ കോൺഗ്രസിന്റെ സംഘടനാസംവിധാനം പര്യാപ്തമായിരുന്നില്ല. സംഘടനയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ നേതൃത്വം പരാജയപ്പെട്ടു,'
എന്നിങ്ങനെ പോകുന്നു റിപ്പോർട്ടിലെ പരാമർശങ്ങൾ.

നേതൃത്വത്തെ പൂർണമായും പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടാണ് സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ സമർപ്പിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 19 സീറ്റാണ് ലഭിച്ചത്. ഇത് സംസ്ഥാനത്ത്് പാർട്ടിക്കനുകൂലമായി ഉള്ള ട്രൻഡായി കോൺഗ്രസ് നേതാക്കൾ തെറ്റിദ്ധരിച്ചു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായേക്കും എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ യുഡിഎഫിന് വൻ വിജയം ഉണ്ടായത്. എന്നാൽ ഇത് വ്യക്തിഗത നേട്ടം എന്ന നിലയിലാണ് പല നേതാക്കളും കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്ന് കോൺഗ്രസ് പാഠം ഉൾകൊണ്ടില്ല. തിരിച്ചുവരവിന് സമയം ലഭിച്ചിട്ടും ഇതിൽ അലംഭാവം കാണിച്ചു', റിപ്പോർട്ടിലെ നേതൃത്വത്തിനെതിരായ വിമർശനങ്ങൾ തുടരുന്നു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ നേതൃരംഗത്ത് വൻ അഴിച്ചുപണികൾ ഉണ്ടായേക്കും. എന്നാൽ ഇത് ഉടൻ ഉണ്ടായേക്കില്ല. തല മാത്രം മാറ്റി കയ്യൊഴിയാൻ ഹൈക്കമാൻഡും താൽപര്യപ്പെടുന്നില്ല. അഞ്ച് വർഷം കൂടുമ്പോൾ ഭരണമാറ്റം ഉണ്ടാകുന്ന കേരളത്തിലെ രീതിയിലുണ്ടായ മാറ്റം ആശങ്കയോടെയാണ് ഹൈക്കാമാൻഡ് വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ വസ്തുതാ അന്വേഷണ സമിതി റിപ്പോർട്ടിന് ശേഷം കോൺഗ്രസിൽ വൻ അഴിച്ചുപണിയിലേയ്ക്ക് കടക്കാനാണ് സാധ്യത.

ചൊവ്വാഴ്ചയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കാൻ വസ്തുതാന്വേഷണ സമിതിക്ക് കോൺഗ്രസ് ഹൈക്കമാന്റ് അന്തിമ രൂപം നൽകിയത്. അശോക് ചവാൻ അധ്യക്ഷനായ അഞ്ച് അംഗ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പ് നടത്തുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുക. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് വസ്തുതാ അന്വേഷണ സംഘത്തോട് ഹൈക്കമാന്റ് നിർദ്ദേശിച്ചിരിക്കുന്നത്. അശോക് ചവാന് പുറമെ മനീഷ് തിവാരി, ജ്യോതി മണി, വിൻസെന്റ് എച്ച്. പാല, സൽമാൻ ഖുർഷിദ് എന്നിവരാണ് ഈ സംഘത്തിലുള്ളത്. ജ്യോതിമണിയായിരിക്കും കേരളത്തിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക. ഇതിൽ പ്രവർത്തകരുടെ വികാരം മനസിലാക്കാനുള്ള ശ്രമവും സമിതി നടത്തിയേക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഹൈക്കമാന്റ് തീരുമാനം എടുക്കുക.