ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളിൽ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്ലീറിന്റെ പ്രതികരണം ചർച്ചയാകുന്നു. താലിബാനെ പിന്തുണയ്ക്കുന്ന ചില ഇടതുപക്ഷക്കാർക്കെതിരെയാണ് തസ്ലീമയുടെ ഒടുവിലത്തെ ട്വീറ്റ്.' പല ഇടതുപക്ഷക്കാരും താലിബാനെ പിന്തുണയ്ക്കുന്നു. ചിലപ്പോൾ എനിക്ക് തോന്നും ഇടത് പക്ഷക്കാരേക്കാൾ സത്യസന്ധത ഉള്ളവർ ഇസ്ലാമിക ഭീകരവാദികളാണെന്ന്. ഇസ്ലാമിന് വേണ്ടി അമുസ്ലീങ്ങളെയും സ്ത്രീകളെയും കൊല്ലുമെന്ന് ഭീകരവാദികൾ പ്രഖ്യാപിക്കുന്നു. ഇടതുപക്ഷക്കാരാകട്ടെ, അവർ സ്ത്രീകളുടെ അവകാശങ്ങൾക്കും, ന്യൂനപക്ഷ അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്നവരെന്ന് പ്രഖ്യാപിക്കുന്നവരാണ്. എന്നാൽ, സ്ത്രീകളെയും അമുസ്ലീങ്ങളെയും വെറുക്കുന്ന ഇസ്ലാമിസ്റ്റുകളെ അവർ പിന്തുണയ്ക്കുന്നു'.

തസ്ലീമയെ അനുകൂലിച്ചും, എതിർത്തും കമന്റുകൾ വരുന്നുണ്ട്. ബിജെപി സർക്കാരിന്റെ പ്രീതി പിടിച്ചുപറ്റാൻ തസ്ലീമ വസ്തുതകൾ ഇല്ലാത്ത വാദങ്ങൾ ഉന്നയിക്കുകയാണെന്ന് ചിലർ. അതല്ല അവർ പറയുന്നത് സത്യമെന്ന് എതിർവാദവും. തെറ്റ് ചൂണ്ടിക്കാണിക്കാൻ തസ്ലീമയെ കഴിഞ്ഞിട്ടേ മറ്റാരെങ്കിലും ഉള്ളുവെന്നും, ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളെന്നും ഒക്കെ കമന്റുകൾ കാണാം.

നിലവിൽ സ്വീഡൻ പൗരയാണ് തസ്ലീമ. ലജ്ജ നോവൽ ഇസ്‌ലാമിക മതമൗലികവാദികളെ പ്രകോപിപ്പിച്ചതിനെത്തുടർന്നാണ് 1994ൽ അവർക്ക് രാജ്യം വിടേണ്ടിവന്നത്. തുടർന്ന് അമേരിക്കയിലും യൂറോപ്പിലുമായി കഴിഞ്ഞു. 2007ൽ കൊൽക്കത്തയിൽ താമസിക്കുമ്പോഴും ഇവർക്കുനേരെ മതമൗലികവാദികളുടെ എതിർപ്പുണ്ടായി. ഇന്ത്യയിൽ സ്ഥിരതാമസം അനുവദിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല.

ഗൈനക്കോളജിസ്റ്റ് ആയിരുന്നു തസ്‌ലിമ നസ്‌റിൻ. എന്നെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകാനാകും എന്നതാണ് അവരുടെ പ്രതീക്ഷ. പൊതുയിടങ്ങളിലെല്ലാം ആ സ്വപ്‌നം അവർ ആവർത്തിക്കുന്നു - പിറന്ന നാടിലേക്ക് മടങ്ങിപ്പോകണം.

ലജ്ജ, ഫ്രഞ്ച് ലവർ, വീണ്ടും ലജ്ജിക്കുന്നു തുടങ്ങിയവയാണ് പ്രധാനപ്പെട്ട കൃതികൾ.