തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ ശ്രീകാര്യം സോണൽ ഓഫീസിലെ 5.7 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പിലൂടെയുള്ള പണാപഹരണ കേസിൽ സർക്കാർ നിലപാട് അറിയിക്കാനും ശ്രീകാര്യം പൊലീസ് റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.

സർക്കാർ നിലപാടും റിപ്പോർട്ടും ഒക്ടോബർ 20 ന് ഹാജരാക്കാനാണ് മജിസ്‌ട്രേട്ട് പി.എസ്. സുമി ഉത്തരവിട്ടത്. കേസിൽ ഒക്ടോബർ 13 മുതൽ റിമാന്റിൽ കഴിയുന്ന പ്രതിയായ ഓഫീസ് അറ്റന്റർ കല്ലറ മുതുവിള നാനാംകോട് അക്ഷര ഭവനിൽ ബിജു (42) വിന്റെ ജാമ്യഹർജി പരിഗണിക്കവേയാണ് കോടതി സർക്കാർ നിലപാട് അറിയിക്കാൻ ഉത്തരവിട്ടത്. ബിജുവിനെ കൂടാതെ കാഷ്യർ അനിൽ കുമാർ, ലളിതാംബിക തുടങ്ങിയവരാണ് മറ്റു പ്രതികൾ.