കാസർകോട്: കോവിഡ് പോസിറ്റീവായ കുറ്റിക്കോൽ സ്വകാര്യ ആശുപത്രിയിലെ നഴ്സ് വീടിന് സമീപം കുഴഞ്ഞു വീണു. പ്ലാവിലായിലെ യുവതിയാണ് കുഴഞ്ഞുവീണ് ബോധരഹിതയായത്. കോവിഡ് പോസിറ്റീവ് ആയതിനാൽ ഇവരെ ആശുപത്രിയിൽ എത്തിക്കാൻ സംഭവമറിഞ്ഞവർ കൂട്ടാക്കിയില്ല.

വാഹനം കിട്ടാത്തതും തിരിച്ചടിയായി. ഇതിനെത്തുടർന്ന് സ്ഥലത്തെ യുവാക്കളായ രാധാകൃഷ്ണനും ബിജുവും സമീപത്തെ ഡ്രൈവർമാരെ വിളിച്ചു എന്നാൽ ആരും സംഭവം നടന്നിട്ട് ഒരു മണിക്കൂർ ആയിട്ടും സ്ഥലത്ത് എത്തിയില്ല. ഇതിനെ തുടർന്ന് 10 കിലോമീറ്റർ അപ്പുറമുള്ള പള്ളത്തിങ്കാൽ പ്രദേശത്തെ ടാക്സി ഡ്രൈവർ നിധീഷിനെ രാധാകൃഷ്ണൻ ബന്ധപ്പെട്ടു.

വിവരം ലഭിച്ച ഉടനെതന്നെ നിധീഷ് സൈലോ വാഹനവുമായി പ്ലാവിലാ യിലേക്ക് കുതിക്കുകയും കോവിഡ് പോസിറ്റീവായ നേഴ്സിനെ ബേഡകം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ടാക്സി ഡ്രൈവറുടെ നല്ല പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് നാട്ടുകാർ .നിധീഷ് കൊല്ലം സ്വദേശിയാണ്. ആശുപത്രിയിൽ കഴിയുന്ന നഴ്സ് സുഖം പ്രാപിച്ചുവരുന്നു