ലണ്ടൻ: റിമമ്പറൻസ് സർവീസ് നടക്കുന്ന കത്തിഡ്രല്ലിൽ സ്ഫോടനം നടത്താൻ ശ്രമം. സ്ഫോടക വസ്തുക്കളുമായി എത്തിയ ആൾ സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ലിവർപൂളിൽ ആത്മഹത്യാ ബോംബാക്രമണത്തിന് പദ്ധതിയിട്ട ഭീകരൻ കൊല്ലപ്പെട്ടു. യാത്രക്കാരനെ കുറിച്ച് ടാക്സി ഡ്രൈവർക്ക് തോന്നിയ സംശയമാണ് വൻ ദുരന്തം ഒഴിവാക്കിയത്.

റിമമ്പറൻസ് സർവീസ് നടക്കുന്ന കത്തിഡ്രല്ലിലേക്കാണ് യാത്രക്കാരൻ ടാക്സി വിളിച്ചത്. എന്നാൽ കാർ വലിയ ട്രാഫിക്കിൽ കുടുങ്ങിയപ്പോൾ ലിവർപൂൾ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക കാർ തിരിക്കാൻ പറഞ്ഞു ഇതോടെ സംശയം തോന്നിയ ഡ്രൈവർ ആശുപത്രിയിലെത്തിയതിന് പിന്നാലെ കാറിന് പുറത്തിറങ്ങി പരിശോധിച്ചപ്പോൾ കാറിൽ സ്ഫോടക വസ്തുക്കൾ കണ്ടതോടെ ഭീകരനെ കാറിലിട്ട് ലോക്ക് ചെയ്തു പുറത്തിറങ്ങുകയായിരുന്നു. നിമിഷങ്ങൾക്കകം വലിയ ശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചു. കാറിൽ കുടുങ്ഹിയ ഭീകരൻ കൊല്ലപ്പെടുകയും ചെയ്തു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ടാക്സി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. എങ്കിലും വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച പകൽ ലിവർപൂൾ മെറ്റേണിറ്റി ഹോസ്പിറ്റലിന് മുന്നിലാണ് സ്ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ചത്. റിമമ്പറൻസ് ഡേയുടെ മൗനാചരണത്തിന്റെ തൊട്ടു മുന്നേയാണ് സ്ഫോടനം നടന്നത്. 11 മണിക്ക് മൗനാചരണം നടക്കാനിരിക്കെ 10.59ന് കാർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുക ആയിരുന്നു. ഡേവിഡ് പെറി എന്ന കാർ ഡ്രൈവറുടെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. കാറിലുണ്ടായിരുന്നയാൾ തൽക്ഷണം മരിച്ചു. ഇയാൾ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് ഇയാളെക്കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

ലിവർപൂളിലെ റിമമ്പറൻസ് സർവീസ് നടക്കുന്ന കത്തിഡ്രൽ സ്ഫോടനം നടത്താൻ ആയിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ ട്രാഫിക്കിൽ കുടുങ്ങിയതോടെ എല്ലാം പാളിപ്പോകുകയും ഹോസ്പിറ്റൽ തകർക്കാൻ ലക്ഷ്യമിടുകയുമായിരുന്നു. റിമമ്പറൻസ് ഡേ സർവീസ് നടക്കുന്ന കത്തിഡ്രലിൽ പട്ടാളക്കാരും നിരവധി ഉന്നത ഉദ്യോഗസ്ഥരും അടക്കം 2000ത്തോളം പേർ ഒത്തു ചേരുന്ന ദിവസമായിരുന്നു. ഇവരെ ഇല്ലാതാക്കുകയായിരുന്നു ഈ ബോംബുമായി എത്തിയ ആളുടെ ലക്ഷ്യം.

കാറിൽ കയറിയപ്പോൾ തന്നെ കത്തിഡ്രല്ലിലേക്ക് പോകാനായിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കത്തിഡ്രല്ലിൽ എത്താൻ ഏതാനും സമയം കൂടി ബാക്കി നിൽക്കേ കാർ ഹെവി ട്രാഫിക്കിൽ കുടുങ്ങി. ഇതോടെ കത്തിഡ്രല്ലിൽ പോകണ്ടെന്നും ആശുപത്രിയിലേക്ക് വണ്ടി തിരിക്കാൻ ഇയാൾ ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ സംശയം തോന്നിയ ടാക്സി ഡ്രൈവർ ആശുപത്രിക്ക് മുന്നിൽ വണ്ടി നിർത്തുകയും ഇയാളെ കാറിനുള്ളിൽ ലോക്ക് ചെയ്യുകയുമായിരുന്നു. തുടർന്ന് കാറിനുള്ളിൽ സ്ഫോടക വസ്തുക്കൾ ഉള്ലതായി കണ്ട ഡ്രൈവർ ഓടിമാറാൻ ശ്രമിക്കുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു. വലിയ ശബ്ദത്തിൽ ആശുപത്രിയിലുണ്ടായിരുന്ന രോഗികളും പേടിച്ചു വിറച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 29,26,21 വയസ്സുള്ള മൂന്ന് ചെറുപ്പക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ലിവർപൂളിൽ നിന്നുതന്നെയാണ് ഇവരെ മൂന്ന് പേരെയും പിടികൂടിയത്. റോഡുകളും വഴിയുമെല്ലാം ബ്ലോക്ക് ചെയ്തുള്ള പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് ഇവർ മൂവരും കുടുങ്ങിയത്. അതേസമയം ഇവർക്ക് ഈ ആക്രമണവുമായുള്ള ബന്ധമെന്തെന്ന് വ്യക്തമായിട്ടില്ല. പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ച് വരികയാണ്. അതേസമയം കാർ ഡ്രൈവർ ഡേവിഡ് പെറിയെ പ്രധാനമന്ത്രിയും ഹോം സെക്രട്ടറിയും അടക്കമുള്ളവർ അഭിനന്ദിച്ചു.

സംഭവത്തിന് ഇതുവരെ ഭീകരാക്രമണവുമായി ബന്ധമുള്ളതായി സംശയമില്ലെന്നും ജനങ്ങളോട് ശാന്തരായും ജാഗരൂകരായും ഇരിക്കാൻ പൊലീസ് നിർദ്ദേശിച്ചു. ഇന്നലെ രാത്രി ബോംബ് പൊട്ടിത്തെറിച്ച പ്രദേശത്തെ ജനങ്ങളെ അവിടെ നിന്നും ഒഴിപ്പിച്ചു. സുരക്ഷാ കാരണങ്ങളാലാണ് ജനങ്ങളെ അവിടെ നിന്നും മാറ്റിപ്പാർപ്പിച്ചത്. ആശുപത്രിക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്റ്റാഫിനെയും രോഗികളേയും സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമാണ് ആശുപത്രിയിലേക്ക് കയറ്റുന്നതും പുറത്തേക്ക് ഇറക്കുന്നതും.

ടെററിസം ആക്ട് പ്രകാരമാണ് മൂന്ന് ചെറുപ്പക്കാരെയും അറസ്റ്റ് ചെയ്തത്. അതേസമയം ബോംബ് ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് മെഴ്സിസൈഡ് പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പൊലീസ് ചില സ്ഥലങ്ങളിൽ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഇതിന് സ്ഫോടനവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.