ശാസ്താംകോട്ട (കൊല്ലം): കോവിഡ് കാരണം സ്‌കൂളുകൾ അടഞ്ഞു കിടക്കുമ്പോഴും അദ്ധ്യാപകർ ഓൺലൈനായി ക്ലാസെടുക്കുന്നുണ്ട്. റെഗുലർ ക്ലാസുകൾ ഓൺലൈനാായി നടക്കുമ്പോൾ നെറ്റു തകരാറും മറ്റു സംഭവിക്കാറുമുണ്ട്. ഇത് വിദ്യാർത്ഥികളിൽ എന്ന പോലെ അദ്ധ്യാപകരിലും സമ്മർദ്ദമുണ്ടാക്കുന്ു എന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനിടെ കൊല്ലം സ്വദേശിയായ മലപ്പുറത്തെ അദ്ധ്യാപകന്റെ ആത്മഹത്യക്ക് കാരണം ജോലി സമ്മർദ്ദമാണെന്ന സൂചനകളും പുറത്തുവരുമ്പോൾ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

വീട്ടിൽനിന്നുകാണാതായ അദ്ധ്യാപകനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായരുന്നു. ശാസ്താംകോട്ട രാജഗിരി ലൂസിമംഗലത്ത് ആന്റണി(അസീസി)യുടെയും നിർമ്മലയുടെയും മകൻ അബീഷാ(32)ണ് മരിച്ചത്. ജോലിസമ്മർദ്ദമാണ് ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ചതെന്ന് മൃതദേഹത്തിൽനിന്നുലഭിച്ച കത്തിൽ പറയുന്നു. മലപ്പുറം കോരാട് ഗവ. യു.പി.സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. ഇദ്ദേഹത്തെ കാണാതായിട്ട് നാലുദിവസത്തോളമായി. സ്‌കൂളിലേക്ക് തിരികെപ്പോയതാകാമെന്നാണ് വീട്ടുകാർ കരുതിയത്.

ഇതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ ശാസ്താംകോട്ട തടാകതീരത്ത് വിജനമായ പ്രദേശത്തെ ആൾപാർപ്പില്ലാത്ത വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ദുർഗന്ധംവമിച്ചതിനെ തുടർന്ന് ഇതുവഴിപോയവർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. തിരിച്ചറിയാൻ പറ്റാത്തതരത്തിൽ വികൃതമായിരുന്നു. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കുറിപ്പിൽനിന്നാണ് അബീഷാണെന്ന് തിരിച്ചറിഞ്ഞത്. ശാസ്താംകോട്ട പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്കുറിപ്പ് ലഭിച്ച സാഹചര്യത്തിൽ സ്‌കൂൾ അധികൃതരോട് കൂടുതൽ വിവരങ്ങൾ ആരായുമെന്ന് ശാസ്താംകോട്ട എസ്‌ഐ. കെ.പി.അനൂപ് അറിയിച്ചു.

അതേസമയം ഓൺലൈൻ പഠനം സമ്മർദം കൂട്ടുന്നുവെന്ന പഠനം അടുത്തിടെ പുറത്തിറക്കിയിരുന്നു. കണ്ണൂർ ഡയറ്റാണ് ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയത്. ഡിജിറ്റൽ പഠനത്തിൽ പലപ്പോഴും കുട്ടികളെ പോലെ രക്ഷിതാക്കളും മാതാപിതാക്കളും അദ്ധ്യാപകരും പലവിധ സമ്മർദ്ദങ്ങൾ അനുഭവിക്കുന്നതായാണ് ഡയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കുട്ടികൾ ക്ലാസ് മുറിയിലെ പഠനമാണ് ആഗ്രഹിക്കുന്നതെന്നാണു പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്. സ്‌കൂൾ എത്രയും വേഗം തുറക്കാൻ ആഗ്രഹിക്കുന്നവരാണ് 84% വിദ്യാർത്ഥികളും. 78% വിദ്യാർത്ഥികളും സ്‌കൂളിൽ പോകാൻ കഴിയാത്തതിനാൽ സമ്മർദം അനുഭവിക്കുന്നുണ്ട്. ഓൺലൈൻ പഠനം പലവിധ ആശങ്കകളുമുണ്ടാക്കുന്നതാണു കാരണം. മാതാപിതാക്കളിൽ 95 ശതമാനവും സ്‌കൂൾ ഉടൻ തുറക്കണമെന്നാഗ്രഹിക്കുന്നവരാണ്. ഓൺലൈൻ ക്ലാസിൽ കുട്ടികളുടെ പഠനമികവു കൃത്യമായി വിലയിരുത്താനാകുന്നില്ലെന്ന് 83% അദ്ധ്യാപകരും പറയുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസ് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു ഡിജിറ്റൽ ക്ലാസുകൾ വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഡിജിറ്റൽ ക്ലാസുകളുടെ വേഗത്തിനൊപ്പമെത്താൻ പലപ്പോഴും വിദ്യാർത്ഥികൾക്കു കഴിയുന്നില്ല. രക്ഷിതാക്കൾക്ക് ആവശ്യമായ പിന്തുണ നൽകാൻ കഴിയാത്തതും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്. 90% കുട്ടികൾക്കും അമ്മയുടെ സഹായം മാത്രമാണു പഠനത്തിനു ലഭിക്കുന്നതെന്നും പറയുന്നു. അതേസമയം രക്ഷിതാക്കളുടെ ഇടപെടൽ സമ്മർദമുണ്ടാക്കുന്നുണ്ടെന്ന് 19% കുട്ടികൾ പറയുന്നു. പഠനത്തിൽ മുന്നാക്കം നിൽക്കുന്ന കുട്ടികളിലും ഡിജിറ്റൽ ക്ലാസ് സമ്മർദമുണ്ടാക്കുന്നുണ്ട്.

ഡിജിറ്റൽ സൗകര്യങ്ങളുണ്ടായിട്ടും എല്ലാ കുട്ടികളും ക്ലാസിൽ പങ്കെടുക്കുന്നില്ല. ഈ വിഭാഗത്തിൽ 12% വിദ്യാർത്ഥികൾ വരും. മുഴുവൻ ക്ലാസുകളും കണ്ടത് 60% വിദ്യാർത്ഥികൾ മാത്രം. കൃത്യമായി ക്ലാസുകൾ കാണുന്നവർ 73%. 10% വിദ്യാർത്ഥികൾ മാതാപിതാക്കൾ നിർബന്ധിച്ചാൽ മാത്രമേ ഡിജിറ്റൽ ക്ലാസിലെത്തൂ.