മുംബൈ: ജന്മദിനത്തിൽ കാഴ്ച വൈകല്യമുള്ള പുലിയെ ദത്തെടുത്ത് 17കാരി. മുംബൈ സബർബൻ കലക്ടറുടെ മകളാണ് ജന്മദിനത്തിൽ കാഴ്ച വൈകല്യമുള്ള പുലിയെ ദത്തെടുത്തത്. 17കാരിയായ വേദാംഗിയാണ് ജന്മദിനത്തിൽ പുലിയുടെ സംരക്ഷണം ഏറ്റെടുത്തത്. മുംബൈ സബർബൻ കലക്ടർ മിലിന്ദ് ബോറിക്കറിന്റെ മകളാണ് വേദാംഗി.

പശ്ചിമ ഘട്ട മലനിരയിൽ നിന്നാണ് പുലിയെ കണ്ടെടുത്തത്. 2012ൽ കരിമ്പ് തോട്ടത്തിൽ ആളിപടർന്ന തീ മൂലം ഉണ്ടായ അപകടത്തിലാണ് പുലിയുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടമായത്. നിലവിൽ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ പുനരധിവസിപ്പിച്ചിരിക്കുകയാണ് പുലിയെ. 2019ലാണ് ആദ്യമായി വന്യമൃഗത്തെ ദത്തെടുക്കണമെന്ന ആഗ്രഹം പെൺകുട്ടി പ്രകടിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പെൺകുട്ടിയുടെ സഹായത്തിന് എത്തിയത്.

അടുത്തിടെ വന്യമൃഗങ്ങളെ ഒരു വർഷം സ്‌പോൺസർ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം ഏറ്റെടുക്കാനുള്ള അനുമതിയാണ് നൽകിയത്. പുലി ആരോഗ്യനില വീണ്ടെടുത്തതിൽ സന്തോഷിക്കുന്നതായി മിലിന്ദ് ബോറിക്കർ പറയുന്നു.