ഹൈദരാബാദ്: കോവിഡ് വ്യാപനം ഉയർന്നതോടെ തെലങ്കാനയും ലോക്ഡൗണിലേക്ക്. ബുധനാഴ്ച രാവിലെ മുതൽ പത്ത് ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

നിയന്ത്രണങ്ങൾ മെയ് 12 ന് രാവിലെ 10 മുതൽ പ്രാബല്യത്തിൽ വരും. തുടർന്ന് 10 ദിവസത്തേക്ക് സംസ്ഥാനം അടച്ചിടും.

എന്നാൽ, എല്ലാ ദിവസവും രാവിലെ 6 മുതൽ 10 വരെ എല്ലാ പ്രവർത്തനങ്ങൾക്കും ഇളവ് അനുവദിക്കും. അതിനു ശേഷം അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളുയെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക്ഡൗൺ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

'നാളെ രാവിലെ 10 മുതൽ 10 ദിവസത്തേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ ദിവസവും രാവിലെ 6 മുതൽ 10 വരെ ലോക്ഡൗൺ ഇളവ് അനുവദിക്കും. കോവിഡ് 19 വാക്സിൻ വാങ്ങുന്നതിനായി ആഗോള ടെണ്ടർ ക്ഷണിക്കാനും മന്ത്രിസഭ തീരുമാനിച്ചു', മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ഇതോടെ ദക്ഷിണേന്ത്യയിൽ ആന്ധ്ര ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം ലോക് ഡോണിലേക്ക് മാറും. മെയ് 24 വരെ തമിഴ്‌നാടും കർണാടകയും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലും ഈ മാസം 16 വരെ ലോക്ഡൗൺ ഏർപ്പെടുത്തിരിക്കുകയാണ്. ആന്ധ്രപ്രദേശിൽ ഭാഗിക കർഫ്യൂവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.