കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് സംബന്ധിച്ച അന്വേഷണം എത്തി നിൽക്കുന്നത് പാക്കിസ്ഥാനിൽ. പാക് ചാര സംഘടനയ്ക്ക് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ പങ്കുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകൾ പുറത്തു വന്നു.

കോഴിക്കോട് ചിന്താവളപ്പിൽ നിന്നാണ് റെയ്ഡിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പൊലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴിടങ്ങളിൽ നിന്ന് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതിനൊപ്പം തൃശൂരിലും കണ്ടെത്തി. ഇവയെല്ലാം ഒരു സംഘത്തിന് കീഴിലുള്ളതാണെന്നാണ് സൂചന.

എക്‌സ്‌ചേഞ്ചുകൾക്ക് പിന്നിൽ വലിയതോതിൽ കുഴൽപ്പണ ഇടപാടുകൾ നടന്നിട്ടുണ്ട്. വിവിധ ഇടങ്ങളിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ സ്ഥാപിക്കാൻ പാക് പൗരനാണ് പണം നൽകിയത്. രാമനാട്ടുകര സ്വർണക്കടത്തുസംഘത്തിനും ഇവരുമായി ബന്ധമുണ്ട്. മുഖ്യപ്രതി ഇബ്രാഹിമിന്റെ ലാപ്‌ടോപ്പിൽ നിന്ന് ഇതുസംബന്ധിച്ച് നിർണായക വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ബെംഗളുരുവിൽ നിന്ന് പിടികൂടിയ ഇബ്രാഹിമിന്റെ ലാപ്‌ടോപ്പിൽ നിന്നാണ് പൊലീസിന്  വിവരങ്ങൾ ലഭിച്ചത്.

രാമനാട്ടുകര സ്വർണക്കടത്തുസംഘവും ആശയവിനിമയത്തിനായി ഈ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ഉപയാഗിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, യുഗാണ്ട, എറിത്രിയ, ടാൻസാനിയ എന്നീ നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിപ്പുകാരുടെ ദുബായ് അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ട്. ഇതും സ്വർണ്ണ കടത്ത് ബന്ധത്തിന് തെളിവാണ്.

അതിനിടെ കേരളത്തിലെ ഐഎസ് മൊഡ്യൂളുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി എൻ ഐ എയുടെ പിടിയിലായിട്ടുണ്ട്. മംഗലാപുരത്തിനടുത്ത് ഭട്കൽ സ്വദേശി സുഫ്രി ജവ്ഹർ ദാമുദി, സഹായി അബു ഹാജിർ അൽ ബാദ്രി എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. മംഗലാപുരം സ്വദേശി അമ്മർ അബ്ദുൾ റഹ്‌മാൻ, ബെംഗളൂരു സ്വദേശി ശങ്കർ വെങ്കടേഷ് പെരുമാൾ എന്ന അലി മുവിയ, ജമ്മു കശ്മീരിലെ ശ്രീനഗർ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോര സ്വദേശി ഹസൻ ഭട്ട് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

നിരന്തരമായ പ്രസംഗങ്ങളിലൂടെയും വീഡിയോകൾ കാട്ടിയും യുവാക്കളെ ഭീകരതയിലേക്ക് വഴിതിരിച്ചുവിടുക, ഭീകരപ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇവരെ എൻഐഎ അറസ്റ്റ് ചെയ്തത്. ഈ സംഘങ്ങൾക്കും സമാന്തര ടെലിഫോൺ ശ്രംഖലയുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾ നിരന്തര വിവര ശേഖരണത്തിലാണ്. ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസും എൻഐഎ ഏറ്റെടുത്തേക്കും.

ഒരു വർഷം മുൻപാണ് കേരളത്തിലെ ഐഎസ് മൊഡ്യൂൾ എൻഐഎ കണ്ടെത്തിയത്. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഈ അക്കൗണ്ടിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അയ്യായിരത്തിലേറെ അംഗങ്ങളുണ്ട്. മൊഡ്യൂളിന്റെ തലവൻ മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ, സഹായികളായ സുഷാബ് അൻവർ (കണ്ണൂർ), കൊല്ലം സ്വദേശി റഹീസ് റഷീദ് എന്നിവരെ  നേരത്തെ എൻഐഎ  അറസ്റ്റു ചെയ്തിരുന്നു.

സുഫ്രി ജവ്ഹർ ദാമുദി, സഹായി അബു ഹാജിർ അൽ ബാദ്രി എന്നിവരെ 2020 ഏപ്രിൽ മുതൽ എൻഐഎ അന്വേഷിച്ചുവരികയായിരുന്നു. വോയിസ് ഓഫ് ഹിന്ദ് എന്ന ഓൺലൈൻ മാധ്യമം വഴിയാണ് ഇവർ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. സമാന്തര ടെലിഫോണുമായി ബന്ധപ്പെട്ട് മൂന്നു മലയാളികൾ ഉൾപ്പെടെ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.

മലപ്പുറം സ്വദേശികളായ ഇബ്രാഹിം പുല്ലാട്ടി(36), മുഹമ്മദ് ബഷീർ (51), അനീസ് അത്തിമണ്ണിൽ (30), തമിഴ്‌നാട് തിരുപ്പൂർ സ്വദേശി ഗൗതം(27), ഭട്കൽ സ്വദേശി നിസാർ, തൂത്തുക്കുടി സ്വദേശികളായ ശാന്തൻകുമാർ (29), സുരേഷ് തങ്കവേലു(32), ജയ് ഗണേശ് (30) എന്നിവരാണ് ബെംഗളൂരു തീവ്രവാദ വിരുദ്ധ സേനയുടെയും മിലിട്ടറി രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സംയുക്ത നീക്കത്തിൽ അറസ്റ്റിലായത്. രാജ്യാന്തര ഫോൺ കോളുകളെ പ്രാദേശിക കോളുകളാക്കി മാറ്റുകയാണ് ഇവർ ചെയ്തിരുന്നത്.  

മുഖ്യപ്രതി ഇബ്രാഹിം മുല്ലാട്ടി ഉൾപ്പെടെയുള്ളവർ പാക്കിസ്ഥാനിലെ ചില ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നത് സ്ഥിരീകരിച്ചിരുന്നു. ഇബ്രാഹിം മുല്ലാട്ടി, ഗൗതം എന്നിവരെ ജൂൺ എട്ടിനും നിസാറിനെ ഒമ്പതിനും മറ്റു പ്രതികളെ ജൂൺ 14നുമാണ് അറസ്റ്റു ചെയ്തത്.  ഒരേ സമയം 3000ത്തിലധികം ജിഎസ്എം സിം കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുന്ന ഒൻപതിലധികം ടെലിഫോൺ എക്സ്ചേഞ്ചുകളായിരുന്നു സംഘം അനധികൃതമായി പ്രവർത്തിപ്പിച്ചിരുന്നത്.

സിലിഗുഡിയിലെ കരസേനയുടെ ഹെൽപ്പ്ലൈനിലേക്ക് പാക്കിസ്ഥാനിൽ നിന്നും ലഭിച്ച ഫോൺ കോളിനെ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് റാക്കറ്റിനെ പിടികൂടാൻ സഹായിച്ചത്.  പ്രതിരോധ സേനയുടെ മുതിർന്ന ഉദ്യോഗസ്ഥനാണെന്ന വ്യാജേന സൈനിക ഓഫീസിലേക്ക് വിളിക്കുകയും രഹസ്യവിവരങ്ങൾ ചോദിക്കുകയും ചെയ്തതോടെയാണ് ഫോൺ കോളുകളെക്കുറിച്ച് മിലിട്ടറി ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചത്.