പയ്യന്നൂർ: കണ്ണൂരിൽ വൻ ക്ഷേത്ര കവർച്ച ഏഴോം കുറുവാട്ടേ കൂറുംബ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർത്താണ് കവർച്ച നടത്തിയത്. ഭഗവതിയുടെ തിടമ്പിൽ ചാർത്താനായി ക്ഷേത്ര ശ്രീകോവിലിനുള്ളിൽ ഭണ്ഡാരപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 14 പവന്റെ തിരുവാഭരണങ്ങൾ കവർന്നു. ക്ഷേത്രത്തിനുള്ളിലെ മൂല ഭണ്ഡാരവും മോഷണം പോയിട്ടുണ്ട്.

വെള്ളിയാഴ്‌ച്ച പുലർച്ചെയാണ് സംഭവം. രാവിലെ ക്ഷേത്രത്തിൽ പാട്ട് വയ്ക്കാനായി എത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടത്. ക്ഷേത്ര ഓഫിസ് മുറിയും കുത്തിതുറന്ന നിലയിലാണ്. വിവരമറിയിച്ചതിനെ തുടർന്ന് പഴയങ്ങാടി ഇൻസ്പെക്ടർ എം.ഇ രാജഗോപാലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. സമീപത്തു നിന്നും കവർച്ചക്കായി ഉപയോഗിച്ച ഇരുമ്പ് പാരയും ചില രാസപദാർത്ഥങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ക്ഷേത്രത്തിൽ സൂക്ഷിച്ച വെള്ളി ആഭരണങ്ങൾ മോഷണം പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി.