കൊച്ചി: ഓണം പണക്കിഴി വിവാദത്തിൽ പൂട്ടി മുദ്രവെച്ച ഓഫീസ് മുറിയിൽ അദ്ധ്യക്ഷ കയറിയതിനെ തുടർന്ന് തൃക്കാക്കര നഗരസഭയിലുണ്ടായ സംഘർഷത്തിൽ 10 കൗൺസിലർമാർക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് യുഡിഎഫ് കൗൺസിലർമാർ സ്വകാര്യ ആശുപത്രിയിലും ഏഴ് ഇടത് കൗൺസിലർമാർ സഹകരണ ആശുപത്രിയിലും ചികിത്സ തേടി. നാളെ ഇരുപക്ഷത്തിന്റെയും നഗരസഭാ മാർച്ച് നടക്കും.

ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൂട്ടി മുദ്രവെച്ച ഓഫീസ് ക്യാബിനിൽ സ്വന്തം താക്കോൽ ഉപയോഗിച്ച് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ കയറി ഇരുന്നു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. അജിതക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം.

വൈകിട്ട് നാലരയോടെ അജിത തങ്കപ്പന് പുറത്ത് പോകണമെന്നും സമരം അവസാനിപ്പിക്കണമെന്നും പെലീസ് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. വഴങ്ങാൻ പ്രതിപക്ഷം തയ്യാറായില്ല. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കാൻ തുടങ്ങി. ഇതിനിടയിൽ യുഡിഎഫ് അംഗങ്ങളും സ്ഥലത്തെത്തി. ഇതോടെ സംഘർഷം രൂക്ഷമായി. ക്യാബിന് മുന്നൽ കുത്തിയിരുന്ന പ്രതിപക്ഷ അംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത് ഒരു മണിക്കൂറോളം കയ്യാങ്കളിയിലും വാക്കേറ്റത്തിലും കലാശിച്ചു. സംഘർഷത്തിനിടെ അജിത തങ്കപ്പനെ സുരക്ഷാ വലയം തീർത്താണ് പൊലീസ് ജീപ്പിൽ കയറ്റിവിട്ടത്.

നഗരസഭ ഉപരോധിച്ച വനിതകൾ ഉൾപ്പടെയുള്ള കൗൺസിലർമാരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് സ്റ്റേഷനു മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. വനിതാ പൊലീസുകാരെ ഉപയോഗിക്കാതെ വനിതാ കൗൺസിലർമാരെ എസ്‌ഐ ഉൾപ്പെടെയുള്ളവർ കയ്യിൽ പിടിച്ചു വലിച്ചെന്നും മർദിച്ചെന്നുമാണ് ആരോപണം. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ കൊടുത്ത പണത്തിന്റെ പങ്കുപറ്റിയ പൊലീസുകാരാണ് കോൺഗ്രസ് കൗൺസിലർമാരെ കൂട്ടിക്കൊണ്ടുവന്ന് ആക്രമിച്ചതെന്നു പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ഉടുപ്പിൽ കുത്തിപ്പിടിച്ചു ചവിട്ടിയെന്നും ആരോപിച്ചു.

പണക്കിഴി വിവാദത്തിൽ വിജിലൻസ് നിർദേശിച്ചതു പ്രകാരം നഗരസഭാ സെക്രട്ടറി ചെയർപേഴ്‌സന്റെ ചേംബറിൽ ആരെങ്കിലും പ്രവേശിക്കുന്നതു വിലക്കിയിരുന്നു. നഗരസഭാ അധ്യക്ഷയെ ചേംബറിൽ പ്രവേശിപ്പിക്കില്ലെന്നു പ്രതിപക്ഷവും നിലപാടെടുത്തു. എന്നാൽ സെക്രട്ടറിയുടെ നിർദ്ദേശം പാലിക്കേണ്ടതില്ലെന്നു നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ബുധനാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെ അജിത തങ്കപ്പൻ ഓഫിസ് തുറന്ന് അകത്തു കയറിയത്. തൊട്ടു പിന്നാലെ പ്രതിപക്ഷ അംഗങ്ങളെത്തി ഓഫിസിനു മുന്നിൽ അധ്യക്ഷയെ ഉപരോധിക്കുകയായിരുന്നു.