കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ 5 സീറ്റുകളിൽ മത്സരിക്കാൻ കിഴക്കമ്പലം ട്വന്റി 20യുടെ പദ്ധതി. ഇത് വെട്ടിലാക്കുന്നത് കോൺഗ്രസിനെയാണ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കുന്നത്തുനാട്ടിൽ ജയിക്കുകയാണ് കിറ്റക്‌സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ ലക്ഷ്യം. മത്സരിക്കാനുള്ള സീറ്റുകൾ സംബന്ധിച്ചു പഠിച്ചുവരികയാണെന്നു ട്വന്റി 20 ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബ് പറഞ്ഞു.

ട്വന്റി 20 ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ 5 പഞ്ചായത്തിൽ മത്സരിച്ച് നാലിലും ഭരണം നേടി. 9 ബ്ലോക്ക് പഞ്ചായത്ത് സീറ്റും ഒരു ജില്ലാ പഞ്ചായത്തു സീറ്റും നേടി. ഈ പിന്തുണ നിലനിർത്തിയാൽ, ട്വന്റി 20 ഭരിക്കുന്ന 4 പഞ്ചായത്തുകൾ ഉൾപ്പെടുന്ന കുന്നത്തുനാട് സീറ്റ് നേടാമെന്നാണു കണക്കുകൂട്ടൽ. കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര എന്നിവയാണ് പരിഗണനയിലുള്ള മറ്റു സീറ്റുകൾ. ഇവയെല്ലാം യുഡിഎഫിന്റെ പ്രതീക്ഷകളാണ്. ഇതെല്ലാം യുഡിഎഫിന്റെ പരമ്പരാഗത സീറ്റുകളാണ്. കോതമംഗലം, മൂവാറ്റുപുഴയും എങ്ങനേയും നേടി അഞ്ചിൽ അഞ്ചും സ്വന്തമാക്കാനാണ് ആലോചന. ഇതിനിടെയാണ് കോൺഗ്രസിന് മുമ്പിൽ ട്വന്റി ട്വന്റി ഭീഷണി എത്തുന്നത്.

ട്വന്റി 20 മത്സരത്തിനെത്തിയാൽ പ്രധാനമായും നേടുക കോൺഗ്രസ് വോട്ടുകളാകും. ഇടതു പക്ഷത്തെ ഉറച്ച വോട്ടുകൾ നഷ്ടമാകുകയും ചെയ്യും. ഫലത്തിൽ കോൺഗ്രസിനാകും ട്വന്റി ട്വന്റിയുടെ മത്സരം തിരിച്ചടിയാകുക. കേരളത്തിലെ യുവ തലമുറ സമസ്ത മേഖലകളിലും മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് കിറ്റെക്‌സ് ഗാർമെന്റ്‌സ് മാനേജിങ്ങ് ഡയറക്ടറും ട്വന്റി 20 എന്ന സംഘടനയുടെ സ്ഥാപകനും ചീഫ് കോർഡിനേറ്ററുമായ സാബു എം.ജേക്കബ് പറയുന്നു. അതിന്റെ പ്രതിഫലനമാണ് ട്വന്റി20 യുടെ വിജയത്തിന് നിദാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ വിദ്യാഭ്യാസ - തൊഴിൽ- രാഷ്ട്രീയ മേഖലകളിൽ സമസ്തമായ മാറ്റമാണ് യുവജനത പ്രതീക്ഷിക്കുന്നത്. യുവജനങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മായാണ്. നമ്മുടെ യുവ തലമുറയ്ക്ക് നല്ല വിദ്യാഭ്യാസം നൽകാൻ പോലും നമുക്ക് കഴിയുന്നില്ല. കേരളത്തിൽ വേണ്ടത്ര മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ തമിഴ്‌നാട്ടിലും കർണാടകയിലുമൊക്കയാണ് നമ്മുടെ യുവജനങ്ങൾ വിദ്യാഭ്യാസം തേടിപ്പോകുന്നത്. അന്യനാടുകളിൽ വിദ്യാഭ്യാസം പൂർത്തിയയാക്കി മടങ്ങി വരുന്ന അവർക്ക് മാന്യമായ ഒരു ജോലി പോലും ലഭിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സംസ്‌കാരത്തിന്റെ ദുരന്തഫലമാണ് ഇവർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതിയിൽ മാറ്റം വരണമെങ്കിൽ ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങണം. അത്തരമൊരു ചിന്തയിൽ നിന്നാണ് ട്വന്റി 20 എന്ന ആശയം ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുന്നത്തുനാട് മേഖലയിൽ ട്വന്റി 20യ്ക്ക് നല്ല സ്വാധീനമുണ്ട്. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കം.

സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും ട്വന്റി 20 ഭരണസമിതിയെ സാബു ജേക്കബ് വിലക്കിയിരുന്നു. കുന്നത്താട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനത്തിന് ട്വന്റി 20 പഞ്ചായത്ത് പ്രസിഡന്റ് എം.വി നിതാ മോളും 11 പ്രതിനിധികളും പങ്കെടുത്തില്ല. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് വി.പി.സജീന്ദ്രൻ എംഎ‍ൽഎ പറഞ്ഞു. മൂന്ന് മാസത്തേക്ക് ഇത്തരം പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് ട്വന്റി20യുടെ തീരുമാനമെന്നാണ് പഞ്ചായത്ത് ഭാരവാഹികളുടെ പ്രതികരണം. മാധ്യമ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ട്വന്റി 20 ആരോപിക്കുന്നു.

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ചുമതല പഞ്ചായത്തുകൾക്കാണ്. എന്നിട്ടും പഞ്ചായത്ത് ഭരണസമിതി വിട്ട് നിന്നത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കുന്നത്തുനാട് മണ്ഡലം ആസ്തി വികസന ഫണ്ടിയിൽ നിന്നും വി.പി.സജീന്ദ്രൻ എംഎ‍ൽഎ നൽകിയ 30 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. ഇതെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20 മത്സരിക്കുന്നതിന് മുന്നോടിയായുള്ള തന്ത്രമാണെന്ന വിലയിരുത്തൽ സജീവമാണ്.