കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയിൽ നിന്ന് സിഖ് മത പതാക താലിബാൻ നീക്കം ചെയ്തതായി റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യത്തെ സിഖ് ഗുരുവുമായ ഗുരുനാനാക്ക് ഇവിടം സന്ദർശിച്ചിരുന്നു. അതിനെത്തുടർന്നാണ് ഗുരുദ്വാരയുടെ പ്രാധാന്യം വർദ്ധിച്ചത്. 

കഴിഞ്ഞവർഷം ഇതേ ഗുരുദ്വാരയിൽ നിന്ന് സിഖ് സമുദായ നേതാവായ നേദൻ സിംഗിനെ താലിബാൻ തട്ടിക്കൊണ്ടുപാേയിരുന്നു. സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഫ്ഗാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.കഴിഞ്ഞ വർഷം മാർച്ചിൽ കാബൂളിലെ ഷോർ ബസാറിലെ ഗുരു ഹർ റായ് സാഹിബ് ഗുരുദ്വാരയിൽ ഒരു ഐസിസ് തോക്കുധാരി 25 സിഖുകാരെയാണ് കൂട്ടക്കൊല നടത്തിയത്. 

കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് അഫ്ഗാനിസ്ഥാനിൽ ഏകദേശം 650 സിഖുകാരാണ് ഉള്ളത്.രാജ്യത്ത് പിടിമുറുക്കുന്ന താലിബാൻ തങ്ങൾക്ക് എതിരാണെന്ന് തോന്നുന്നതെല്ലാം നശിപ്പിച്ചാണ് മുന്നേറുന്നത്.അമേരിക്കൻ ആക്രമണത്തിന് മുമ്പുള്ള താലിബാൻ ഭരണത്തിൽ നിരവധി ചരിത്ര സ്മാരകങ്ങളാണ് നശിപ്പിക്കപ്പെട്ടത്.