കാബൂൾ: അഫ്ഗാനിസ്താനിലെ പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാൻ. ഹൈസ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് താലിബാൻ പുറത്തിറക്കിയ ഉത്തരവിൽ ആൺകുട്ടികളെപ്പറ്റി മാത്രമാണ് പറയുന്നതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ടു ചെയ്തു. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഉത്തരവിൽ പെൺകുട്ടികളുടെ കാര്യം പരാമർശിക്കുന്നതേയില്ല. ഇതോടെ ലോകത്ത് പകുതിയോളം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തിലെ തന്നെ ഏക രാജ്യമായി അഫ്ഗാനിസ്ഥാൻ മാറി.രാജ്യത്തെ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങൾ താലിബാൻ കൂടുതൽ കടുപ്പിക്കുമെന്നതിന്റെ സൂചനയാണ് പുതിയ ഉത്തരവ്.

1990 കളിൽ അഫ്ഗാന്റെ ഭരണം കൈയാളിയിരുന്ന കാലത്തും പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് താലിബാൻ വിലക്കിയിരുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസത്തിനുള്ള അവസരം താലിബാൻ നൽകുമെന്ന സൂചനകൾ ആയിരുന്നു ഇതുവരെ പുറത്തുവന്നത്. എന്നാൽ ഹൈസ്‌കൂളുകളിൽ പെൺകുട്ടികൾക്ക് അനുമതി നിഷേധിച്ച നടപടി ഭാവിയിൽ സർവകലാശാലാ വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന് ഉറപ്പാണ്.

ഒരു മാസത്തെ ഇടവേളയ്ക്കുശേഷം അടുത്ത മാസം സ്‌കൂളുകൾ തുറക്കുമ്പോൾ ആൺകുട്ടികൾക്ക് മാത്രമാണ് സ്്കൂളിൽ തിരിച്ചെത്താൻ കഴിയുക.പെൺകുട്ടികൾ വീടുകളിൽതന്നെ ഇരിക്കേണ്ടിവരും. സെക്കൻഡറി സ്‌കൂളുകൾ ഏഴ് മുതൽ 12-ാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്കുവേണ്ടി ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്നാണ് താലിബാന്റെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. പുരുഷന്മാരായ അദ്ധ്യാപകരും ആൺകുട്ടികളും സ്‌കൂളുകളിൽ എത്തണമെന്ന് നിർദ്ദേശമുണ്ട്.

എന്നാൽ രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതു മുതൽ വീടുകളിൽതന്നെ കഴിയുന്ന അദ്ധ്യാപികമാരുടെയും വിദ്യാർത്ഥിനികളുടെയും ഭാവി എന്തായിരിക്കും എന്നകാര്യത്തിൽ വ്യക്തതയില്ല. ഇതോടെ രാജ്യത്തെ പകുതിയോളം വിദ്യാർത്ഥികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തെ ഏക രാജ്യമായി അഫ്ഗാനിസ്താൻ മാറും.

രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളും ജോലിക്കെത്തുന്നത് താലിബാൻ ഇതിനകം വിലക്കിയിട്ടുണ്ട്. പുരുഷന്മാരെ മാത്രമാണ് പല ഓഫീസുകളിലും ജോലിക്കെത്താൻ അനുവദിച്ചിട്ടുള്ളത്. രാജ്യത്തെ സുരക്ഷാ സാഹചര്യം മോശമായതിനാൽ സ്ത്രീകൾ ജോലിക്കെത്തുന്നത് സുരക്ഷിതമല്ല എന്നാണ് ഇതിനു നൽകുന്ന വിശദീകരണം. എന്നാൽ തൊണ്ണൂറുകളൽ രാജ്യത്തിന്റെ നിയന്ത്രണം ഉണ്ടായിരുന്ന അഞ്ച് വർഷവും സ്ത്രീകൾ ജോലിചെയ്യാൻ താലിബാൻ അനുവദിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ഇപ്പോൾ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ഏതാനും മേഖലകളിൽ മാത്രമുള്ള സ്ത്രീകളെ ജോലിക്കെത്താൻ താലിബാൻ അനുവദിച്ചിട്ടുണ്ട്.