മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഒരു വാർഡിൽ വിജയിക്കുക 'തങ്ങൾ' മാത്രം. ഇവിടുത്തെ സ്ഥാനാർത്ഥികളെല്ലാം 'തങ്ങൾ'മാരാണ്. പരപ്പനങ്ങാടി മൂന്നാം ഡിവിഷനായ ഹെൽത്ത് സെന്ററിൽ നിന്നാണ്് ഇരുമുന്നികൾക്കും പുറമെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയും തങ്ങൾ ഫാമിലിയിൽ നിന്നായത്.

യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിന്റെ സൈതലവി കോയതങ്ങൾ, എൽ.ഡി.എഫിന്റെ ജനകീയ മുന്നണി സ്ഥാനാർത്ഥി കെ.പി ഷമീർ തങ്ങൾ, എസ്ഡിപിഐ സ്ഥാനാർത്ഥി അമീൻ തങ്ങൾ എന്നിവരാണ് സ്ഥാനാർത്ഥികൾ. ഈ മൂന്ന് തങ്ങൾമാരും സയ്യിദ് കുടുംബത്തിൽ നിന്നുള്ളവരാണ്. പ്രവാചകനായ മുഹമ്മദ് നബിയുടെ പിൻതലമുറക്കാരാണ് സയ്യിദ് തങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ജമലുലൈലി ഗബിലയാ വിഭാഗത്തിൽപ്പെട്ട തങ്ങൾമാരാണ് മൂവരും.

പ്രവാചകനായ മുഹമ്മദിന്റെ നബിയുടെ സന്താനപരമ്പരയിൽപ്പെട്ടവരെ സൂചിപ്പിക്കുന്ന അറബിഭാഷയിലുള്ള പദമാണ് അഹ്ലുബൈത്ത്. വീട്ടുകാർ എന്ന് ഭാഷാർത്ഥമുള്ള ഈ പദം ഖുർആനിലും ഹദീസുകളിലും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. അഹ്ലുൽ ബൈത്ത് ആലുബൈത്ത്, ആലുന്നബി, ആലുമുഹമ്മദ്, ആലുയാസീൻ എന്നീ വാക്കുകളും ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു.

സാദാത്തുകൾ എന്നും സയ്യിദുകൾ എന്നും ഇവർ അറിയപ്പെടുന്നുണ്ട്. മാന്യൻ, മിസ്റ്റർ എന്നീ അർത്ഥത്തിൽ സയ്യിദ് എന്ന അറബി വാക്ക് ഉപയോഗിക്കാറുണ്ടെങ്കിലും അഹ്ലുബൈത്തിൽപ്പെട്ടവരെ ഇന്നും പൊതുവേ സയ്യിദ് അഥവാ സാദാത്ത് എന്നുതന്നെയാണ് സംബോധന ചെയ്തുവരുന്നത്. കേരളത്തിൽ ഇക്കൂട്ടരെയാണ് തങ്ങൾ എന്നുംവിളിച്ചുവരുന്നത്.