ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് കേരളത്തിൽ നിന്നും ഒരു വോട്ടു പോലും ലഭിക്കില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഒരു വോട്ടു മുർമുവിന് കേരളത്തിൽ നിന്നും ലഭിച്ചു. ഇതോട ആരാണ് ആ വോട്ടു ചെയ്തത് എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്്. ബിജെപിയുടെ 'ഓപ്പറേഷൻ ലോട്ടസ്' കേരളത്തിലും നടന്നുവെന്ന വികാരമാണ് പൊതുവേ ഉയരുന്നത്. എന്നാൽ, ആരാണ് ഈ വോട്ടു ചെയ്ത എംഎൽഎ എന്ന മനസിലാക്കാനും ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഇതിനിടെ ആ വോട്ടു ചെയ്ത കേരളത്തിലെ എംഎൽഎക്ക് നന്ദി പറഞ്ഞു കൊണ്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്തെത്തി. നരേന്ദ്ര മോദിയോടുള്ള അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നിലപാട് എടുക്കുന്നവർക്കുള്ള തിരിച്ചടിയാണ് ഈ വോട്ട്. കേരളം ഉൾപ്പെടെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും ദ്രൗപദി മുർമുവിന് പിന്തുണ ലഭിച്ചു.

അധഃസ്ഥിത വിഭാഗത്തിൽ നിന്നുള്ള ഒരാൾ ഈ രാജ്യത്തിന്റെ ഏറ്റവും ഉന്നത പദവിയിലേക്ക് എത്തുമ്പോൾ അതിന്റെ കൂടെ നിൽക്കാത്ത ഒരൊറ്റ സംസ്ഥാനമെന്ന നാണക്കേടിൽ നിന്നാണ് ആ എംഎൽഎ കേരളത്തെ രക്ഷിച്ചത്. ആ ബഹുമാന്യനായ എംഎൽഎയെ നമസ്‌കരിക്കുന്നു. കേരളത്തിലെ എംഎൽഎമാർക്കിടയിൽ മോദിക്കുള്ള സ്വീകാര്യതയാണ് ഈ വോട്ടു വിളിച്ചോതുന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.

സ്വർണക്കടത്തു കേസിൽ ഇഡി അന്വേഷണം വേണ്ട, സിബിഐ അന്വേഷണം മതിയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടത്. കള്ളപ്പണക്കേസിൽ ഇഡി അന്വേഷിക്കേണ്ട, സിബിഐ അന്വേഷിച്ചാൽ മതിയെന്ന വാദം, ഈ രണ്ട് ഏജൻസികളുടേയും ചുമതലകളെക്കുറിച്ച് അറിയുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ്.

കേന്ദ്ര ഏജൻസിയെ വിശ്വാസമില്ലെങ്കിൽ സിബിഐയും കേന്ദ്ര ഏജൻസിയല്ലേയെന്ന് മുരളീധരൻ ചോദിച്ചു. ഇഡി വേണ്ട, സിബിഐയെയാണ് വിശ്വാസം എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത്, മുഖ്യമന്ത്രിയുമായി കൂട്ടുചേർന്ന് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. അധികാരമില്ലാത്ത കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത് കേന്ദ്രസർക്കാരിനെതിരെ ആക്ഷേപം ഉന്നയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

മുഖ്യമന്ത്രിയുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായാണ് ഈ വാദം. ഈ ഒത്തുതീർപ്പ് ഡീൽ എന്താണെന്ന് കേരളത്തിലെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു. പ്രതിപക്ഷനേതാവിന്റെ പഴയ വിജിലൻസ് കേസിന്റെ കാര്യത്തിലുള്ള ബ്ലാക്ക്മെയിലിങിന്റെ ഭാഗമായാണാ ഈ നിലപാടു മാറ്റമെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർവിനു കേരളത്തിൽനിന്നു ലഭിച്ച ഒരു വോട്ടിന് 'നൂറ്റിമുപ്പത്തൊൻപതിനേക്കാൾ മൂല്യമുണ്ടെന്ന്' ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഇടതു, വലതു മുന്നണികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണ് ഇതെന്നും സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.