ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാറിന്റെ ലേലം അവസാനിച്ചതിന് പിന്നാലെ തർക്കവും.എറണാകുളം സ്വദേശി അമൽ മുഹമ്മദ് ആണ് മഹീന്ദ്ര ഥാർ പരസ്യ ലേലത്തിലൂടെ സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ വാഹനം തത്കാലം ലേലത്തിൽ സ്വന്തമാക്കിയ വ്യക്തിക്ക് നൽകാനാകില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് മോഹൻദാസ് വ്യക്തമാക്കിയാതാണ് തർക്കത്തിന് വഴിവെച്ചത്. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്.എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ് 'ഥാർ' സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.എന്നാൽ ഈ തുക പര്യാപതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡിന്റെ പുതിയ നിലപാട്.

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ലേലം നടന്നത്. അമൽ മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. അമൽ ബഹറിനിലായതിനാൽ ഇയാൾക്കു വേണ്ടി സുഭാഷ് പണിക്കർ എന്ന സുഹൃത്താണ് ലേലത്തിൽ പങ്കെടുത്ത്.അമൽ തന്റെ 21കാരനായ മകന് സമ്മാനം നൽകാനാണ് കാർ സ്വന്തമാക്കിയത്. എന്നാൽ വാഹനത്തിന് 21 ലക്ഷം രൂപ വരെ നൽകാൻ ഉടമ തയാറായിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു.അമൽ ഗുരുവായൂരപ്പന്റെ ഭക്തനാണെന്ന് സുഭാഷ് പറഞ്ഞു.

തൊട്ട് പിന്നാലെയാണ് നിലപാട് മാറ്റി ദേവസ്വം ബോർഡ് രംഗത്ത് വന്നത്.ഇതോടെയാണ് ഒരാൾ മാത്രം പങ്കെടുത്ത ലേലമാണ് നടന്നതെന്നും ഇതിനെ ലേലമായി കണക്കാക്കാൻ സാധിക്കില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയത്.താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാൽ വാഹനം വിട്ടുനൽകുന്നതിൽ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയർമാൻ പ്രതികരിച്ചു. ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസം വന്നേക്കാം.അങ്ങനെയെങ്കിൽ തീരുമാനം മാറ്റേണ്ടി വരുമെന്ന് ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞു.

ആദ്യം ലേലം ഉറപ്പിച്ചെന്നു വ്യക്തമാക്കിയ ദേവസ്വം ബോർഡ് പിന്നീട് നിലപാട് മാറ്റിയത് ശരിയല്ല. ഇതോടെ, നിയമ നടപടി അടക്കം വിഷയങ്ങളിലേക്ക് കടന്നേക്കുമെന്ന് സുഭാഷ് വ്യക്തമാക്കി.ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷൻ എസ് യുവി ഥാർ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.

ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്യുവി ഥാർ ലഭിച്ചത്. വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാന്റുള്ള എസ്യുവിയാണ്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ.

ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്‌മെന്റ് ആർ വേലുസ്വാമി കൈമാറുകയായിരുന്നു. ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ കെപി വിനയൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയർമാൻ ജോസ് സാംസൺ, കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാർ, ക്ഷേത്രം മാനേജർ എകെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഥാർ എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ചത്. എത്തി ഒരുവർഷത്തിനിടെ വിപണിയിൽ കുതിക്കുകയാണ് ഥാർ. വാഹനം ഇതുവരെ ബുക്ക് ചെയ്ത ഉപഭോക്താക്കളിൽ 40 ശതമാനം പേരും മിലേനിയൽസ് (1981നും 1996നും ഇടയിൽ ജനിച്ചവർ) ആണെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നു. ഇത് വരെ ഥാർ ബുക്ക് ചെയ്തവരിൽ 50 ശതമാനം പേർ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല 25 ശതമാനത്തോളം പേർ തിരഞ്ഞെടുത്തിരിക്കുന്നത് പെട്രോൾ വേരിയന്റുകളാണെന്നും കമ്പനി പറയുന്നു.

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനിൽ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം.