തിരുവനന്തപുരം: പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കരുതെന്ന കെപിസിസി നിർദ്ദേശം തനിക്ക് ലഭിച്ചിട്ടില്ലെന്ന് ശശി തരൂർ. കെപിസിസി അത്തരമൊരു നിർദ്ദേശം നൽകിയാൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് തരൂർ വ്യക്തമാക്കി.

സിപിഎം പാർട്ടി കോൺഗ്രസ് ദേശീയസമ്മേളനമാണെന്നും അതിൽ ചിന്തകൾ പങ്കുവയ്ക്കുന്നതിൽ തെറ്റില്ലെന്ന് തരൂർ ചൂണ്ടിക്കാണിച്ചു. ജനാധിപത്യത്തിൽ വിരുദ്ധ ചേരികളിലുള്ളവർ ചർച്ചകളിലേർപ്പെടണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. ദേശീയ തലത്തിലെ പരിപാടിയായതിനാലാണ് പങ്കെടുക്കാമെന്ന് ഏറ്റതെന്നും തരൂർ കൂട്ടിച്ചേർത്തു.

ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ ശശി തരൂർ എംപി, കെ.വി.തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. സിൽവർലൈൻ വിഷയത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് ശക്തമായ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സിപിഎം വേദികളിലെ കോൺഗ്രസ് സാന്നിധ്യം ജനങ്ങൾക്കു തെറ്റായ സന്ദേശം നൽകുമെന്നാണു കെപിസിസി നേതൃത്വം കരുതുന്നത്.

സിപിഎം പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ പങ്കെടുക്കരുതെന്ന് എംപിമാരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു. കെറെയിൽ സമരത്തിന്റെ പശ്ചാത്തലത്തിൽ നേതാക്കൾ സിപിഎം പരിപാടിയിൽ പങ്കെടുക്കുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി നിർദ്ദേശം.

പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ കോടിയേരി രംഗത്തെത്തിയിരുന്നു. ബിജെപിയുമായി ചേർന്ന് സമരം നടത്താൻ നേതാക്കൾക്ക് നേതൃത്വം അനുവാദം നൽകിയിട്ടുണ്ടെന്നും ഇത് ഇരട്ടത്താപ്പാണെന്നുമാണ് കോടിയേരി പറഞ്ഞത്.

ഏപ്രിൽ ഒമ്പതിന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും എംകെ സ്റ്റാലിന്റെയും സാന്നിദ്ധ്യത്തിൽ നടക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന സെമിനാറിലേക്കാണ് കെ വി തോമസിന് ക്ഷണം ലഭിച്ചിട്ടുള്ളത്. ഏപ്രിൽ ഏഴിന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറിലേക്കാണ് തരൂരിനെ വിളിച്ചിരിക്കുന്നത്.