ന്യൂഡൽഹി: കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി കുമാർ കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗം വിളിച്ചു. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ചർച്ച. യുഡിഎഫ് എംപിമാർ റെയിൽവെ മന്ത്രിക്ക് കെ റെയിലുമായി ബന്ധപ്പെട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ, നിവേദനത്തിൽ ശശി തരൂർ എംപി ഒപ്പിട്ടില്ല. യുഡിഎഫിന്റെ മറ്റ് പതിനെട്ട് എംപിമാർ മാത്രമാണ് നിവേദനത്തിൽ ഒപ്പുവച്ചത്. പുതുച്ചേരി എംപിയും നിവേദനത്തിൽ ഒപ്പിട്ടു.

ശശി തരൂർ ഇടഞ്ഞുനിൽക്കുന്നതോടെ, കെ റെയിലിൽ ഒറ്റക്കെട്ടായ പ്രതിഷേധം എന്ന യുഡിഎഫ് എംപിമാരുടെ നീക്കം പൊളിഞ്ഞു. കെ റെയിൽ കേരളത്തിന് അനിവാര്യമാണെന്ന നിലപാടാണ് ശശി തരൂരിന്റെത്. എന്നാൽ മറ്റ് മുഴുവൻ കോൺഗ്രസ് എംപിമാരും നിവേദനത്തിൽ ഒപ്പിട്ടുണ്ട്. നേരത്തെ റെയിൽവെ മന്ത്രിയുമായി കോൺഗ്രസ് എംപിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

കെ റെയിലുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിലപാടാണ് ശശി തരൂർ സ്വീകരിച്ചത്.പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതിയെ കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്. എന്നാൽ വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂർ എംപിയുടെ നിലപാട്. അതിനാലാണ് അദ്ദേഹം പദ്ധതിക്കെതിരായ നിവേദനത്തിൽ ഒപ്പിടാതിരുന്നത്.

കെ- റെയിൽ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം കനക്കുമ്പോഴും സംസ്ഥാന സർക്കാർ തീരുമാനത്തിൽ ഉറച്ചിരിക്കുകയാണ്. പദ്ധതിക്ക് അന്തിമാനുമതി ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അനുമതി ലഭ്യമാക്കാൻ പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം. കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ ഗുണകരമാകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിത നിലവാരം ഉയരാനും പദ്ധതി കാരണമാകും. സംസ്ഥാന സർക്കാർ ഇതിനോടകം തന്നെ പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി, റെയിൽവെ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, സാമ്പത്തികശേഷി മോശമായതിനാൽ കെ-റെയിൽ ആവശ്യപ്പെട്ട ഓഹരിവിഹിതം നൽകാനാവില്ലെന്നും 185 ഹെക്ടർ ഭൂമി നൽകാമെന്നും റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ്മ ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി നടത്തിയ ചർച്ചയിൽ അറിയിച്ചിരുന്നു. ഭൂമിയുടെ വിലയായ 975കോടി റെയിൽവേയുടെ ഓഹരിയാക്കണം. വിട്ടുനൽകേണ്ട ഭൂമിയുടെ വിവരങ്ങൾക്കായി സംയുക്തപരിശോധന നടത്തും. മൂന്ന് മാസത്തിനകം പൂർത്തിയാക്കും. യാത്രക്കാരുടെ എണ്ണം നിശ്ചയിച്ചതിലും മുടക്കുമുതൽ തിരിച്ചുകിട്ടുന്നതിലും ചില സംശയങ്ങൾ റെയിൽവേ ഉന്നയിച്ചിട്ടുണ്ടെന്നും ഇതിന് വ്യക്തമായ മറുപടി നൽകുമെന്നും കെ-റെയിൽ അധികൃതർ അറിയിച്ചു.

മുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടുമെന്നും നഗരവികസനം കൂടിയാവുമ്പോൾ ഇത് 16ശതമാനത്തിലെത്താം എന്നുമാണ് ഡി.പി.ആറിലുള്ളത്.3500കോടി അധികമാവുംഒരു വർഷം മുമ്പുള്ള കണക്കിൽ 66,405 കോടിയാണ് പദ്ധതിചെലവ്. പുതുക്കുമ്പോൾ 5ശതമാനം ഉയരാനിടയുണ്ട്. ഇത് 3500കോടിയോളം വരും.3 കടമ്പകൾ1. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ നീതിആയോഗ്, ധനകാര്യമന്ത്രാലയം എന്നിവയുടെ അനുമതി നേടിയെടുക്കണം2. സാമ്പത്തികകാര്യങ്ങൾക്കുള്ള കേന്ദ്രകാബിനറ്റ് കമ്മിറ്റിയുടെ അനുമതിയോടെ പദ്ധതിരേഖ പ്രധാനമന്ത്രിക്ക് സമർപ്പിക്കണം3. പ്രധാനമന്ത്രിയുടെ ഓഫീസ് വഴി കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വരും. കേന്ദ്ര കാബിനറ്റാണ് അന്തിമാനുമതി നൽകേണ്ടത്