ഇടുക്കി: ചിന്നക്കനാൽ 301 കോളനിയിൽ വീടിനോടു ചേർന്നു നായയെ പൂട്ടുന്ന തുടലിൽ കെട്ടിത്തൂക്കിയ നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിന് പിന്നിൽ കൊലപാതകമെന്ന സംശയം കൂടുന്നു. 301 കോളനി സ്വദേശി തരുണിനെ(23)യാണു വെള്ളിയാഴ്ച വൈകിട്ട് 6നു മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവസ്ഥലത്തു ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയ ശേഷം ഇന്നലെ ഉച്ചയോടെ തരുണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകു. മൃതദേഹത്തിനു ചുറ്റുമുള്ള ഭാഗം കത്തിയിട്ടില്ലെന്നും മണ്ണെണ്ണയോടൊപ്പം മറ്റെന്തോ രാസവസ്തു തീ പിടിക്കാൻ കാരണമായെന്നും ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിനു ശേഷം ഇവിടെ നിന്നു പോയ തരുണിന്റെ അമ്മയുടെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചിന്നക്കനാൽ സ്വദേശിയായ ഇയാൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇതിനിടെ തരുണിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു നാട്ടുകാർ രംഗത്തുവന്നു. തരുൺ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവം നടക്കുമ്പോൾ അമ്മ സാറ വീട്ടിലുണ്ടായിരുന്നില്ല. തരുണിന്റെ മുത്തശ്ശി അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യം മൂലം ഇവർക്കു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

തരുണിന്റെ കത്തിക്കരിഞ്ഞ മൃതദേഹം വീട്ടുകാർ കാണുന്നതിന് ഒരു മണിക്കൂർ മുൻപ് ഇയാളെ പുറത്തു കണ്ടിരുന്നു. തരുണിന്റെ വീട്ടിൽ നിന്നു 100 മീറ്റർ താഴെ തൊഴിലാളികൾ കൃഷിയിടത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അസ്വാഭാവികമായ ശബ്ദമോ നിലവിളിയോ കേട്ടില്ലെന്നും ഇവർ പറയുന്നു. മൃതദേഹം തുടലിൽ പൂട്ടിയിട്ടതിനു സമീപത്തു നിന്നു മണ്ണെണ്ണക്കന്നാസും ചൂരൽവടിയും കണ്ടെത്തിയതും ദുരൂഹത കൂട്ടുന്നു.

തരുൺ ആത്മഹത്യ ചെയ്തതാണോ അതോ കൊലപാതക സാധ്യതകളുണ്ടോ എന്നത് വ്യക്തമാകാനുള്ള എന്തെങ്കിലും സൂചനകൾ പോസ്റ്റ് മോർട്ടത്തിലൂടെ പുറത്തുവരുമെന്നാണ് കരുതുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശാന്തൻപോറ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. വീട്ടിൽ തരുണും അമ്മ സാറയും സാറയുടെ അമ്മ അമ്മിണിയുമാണു താമസം. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപു വരെ തരുൺ അമ്മയോടൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. തുണി കഴുകാനായി സാറ പുറത്തു പോയതിനു ശേഷം ഇന്നലെ വൈകിട്ട് ആറോടെയാണു സംഭവമെന്നാണു പ്രാഥമിക നിഗമനം.

മുത്തശ്ശി അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യം മൂലം ഇവർക്കു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽനിന്നു ശബ്ദമോ മറ്റു ബഹളമോ ആളുകൾ കേട്ടിട്ടുമില്ല. കോട്ടയത്തു ബിരുദപഠനം പൂർത്തിയാക്കിയ തരുണിന് ഒന്നര മാസം മുൻപു പക്ഷാഘാതം വന്നിരുന്നു. തുടർന്നു വീട്ടിൽ ചികിത്സയിലായിരുന്നു. ഇവരുടെ വീട്ടിൽ താമസിച്ചിരുന്ന വ്യക്തിയെ സംഭവത്തിനു ശേഷം കാണാതായി. ഇയാളാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. തരുണിന് ഒരു സഹോദരിയുണ്ട്.