റാഞ്ചി: ഝാർഖണ്ഡിൽ ടവർ ലൈൻ വീടിന്റെ മുകളിൽ പൊട്ടിവീണ് യുവാവ് മരിച്ചു. വീട്ടിലെ മറ്റ് മൂന്ന് കുടുംബാംഗങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു.

ധാൻബാദ് ജില്ലയിലാണ് സംഭവം. സോഹൽ അൻസാരിയാണ് മരിച്ചത്. യുവാവിന്റെ അമ്മയെയും സഹോദരന്മാരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഷാഹിദ് നിർമ്മൽ മഹതോ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

രാത്രിയിൽ കുടുംബാംഗങ്ങൾ വീട്ടിൽ കിടന്നുറങ്ങുന്ന സമയത്താണ് ടവർ ലൈൻ പൊട്ടിവീണത്. 11 കെവി ലൈനാണ് വീടിന്റെ മുകളിൽ പൊട്ടിവീണത്. നിരവധി വീടുകളുടെ മുകളിലുടെ കടന്നുപോകുന്ന ഹൈ വോൾട്ടേജ് വൈദ്യുതി കമ്പി മാറ്റാൻ വർഷങ്ങളായി ഇലക്ട്രിസിറ്റി വകുപ്പിനോട് നിരന്തരം പരാതിപ്പെട്ടിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.