തലശേരി: തലശേരിയിലെ ബന്ധുവീട്ടിൽ പോവുകയായിരുന്ന എൻജിനിയറിങ് വിദ്യാർത്ഥി ആഡംബര കാറിടിച്ചു മരിച്ച സംഭവത്തിൽ കുറ്റാരോപിതനായ യുവാവിന് ഹൈക്കോടതി മുൻകൂർ ജാമ്യമനുവദിച്ചു. താഴെ ചമ്പാട് ആമിനാസിൽ അഫ്ലാഹ് ഫറാസ്(19) കൊലപ്പെട്ട കേസിലാണ് കതിരൂർ ഉക്കാസ് മെട്ടയിലെ ഒമേഴ്സിൽ റൂബിൻ ഒമറിനാ(20)ണ് ജസ്റ്റിസ് വി.ഷർസി മുൻകൂർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ രണ്ടരമാസമായി ഒളിവിൽ കഴിയുകയായിരുന്നു കേസിലെ മുഖ്യപ്രതിയായ കതിരൂർ സ്വദേശിയായ യുവാവ്.

നേരത്തെ തലശേരി ജില്ലാകോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. 304,201 വകുപ്പുകൾ ചുമത്തിയാണ് റൂബിനെതിരെ തലശേരിു പൊലിസ് കേസെടുത്തത്. പ്രസ്തുത കേസിൽ ഹരജിക്കാരനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യേണ്ടതില്ലെന്നു നിരീക്ഷിച്ച ഹൈക്കോടതി റൂബിനോട് ഈമാസം ഏഴിന് രാവിലെ പത്തരയോടെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.കുറ്റാരോപിതൻ കീഴടങ്ങിയാൽ അറസ്റ്റു രേഖപ്പെടുത്താം. ഇതിനു ശേഷം അൻപതിനായിരം രൂപയുടെ ആൾജാമ്യത്തിൽ വിട്ടയക്കണമെന്നും ഹൈക്കോടതിഉത്തരവിലുണ്ട്.

റൂബിന്റെ ഡ്രൈവിങ് ലൈസൻസ് പൊലിസിന് കെമാറണം.ഒരുമാസത്തിന് ശേഷം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്കോടതിയിൽ അപേക്ഷ ലൈസൻസ് തിരിച്ചുവാങ്ങാം.അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിബന്ധനയുണ്ട്. ഈക്കഴിഞ്ഞ പെരുന്നാൾ തലേദിവസമാണ് എൻജിനിയിറിങ് വിദ്യാർത്ഥിയായ അഫ്ലാഹ് ഫറാസ് തലശേരി ജൂബിലി റോഡിൽ റൂബിൻ ഒമർ ഓടിച്ച കാർ ഇടിച്ചു മരിച്ചത്.

കൂട്ടുകാരോടൊപ്പം കാർ അഭ്യാസം നടത്തുന്നതിനിടെയാണ് ഒമർ ഓടിച്ച ആഡംബരകാർ അഫ്ലാഹ് ഓടിച്ചിരുന്ന സ്‌കൂട്ടറിൽ വന്നിടിച്ചത്.അപകടത്തിൽവാഹനത്തിന്റെ ഉള്ളിലായിപ്പോയ അഫ്ലാഹിന്റെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.