കൊൽക്കത്ത: അഴിമതിക്കാരെ നിക്ഷേപിക്കാനുള്ള ചവറാണ് ബിജെപിയെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും ഇപ്പോൾ ഒരു വാഷിങ് മെഷീന്റെ ജോലിയാണ് ചെയ്യുന്നതെന്നും മമത പആരോപിച്ചു. പല പാർട്ടികളിൽ നിന്നെത്തിയ അഴിമതിക്കാരായ നേതാക്കളെ വെളുപ്പിച്ചെടുത്ത് മഹാന്മാരായും പുണ്യാത്മാക്കളായും അവതരിപ്പിക്കുകയാണ് ബിജെപിയുടെ പ്രധാന ജോലിയെന്നും മമത പരിഹസിച്ചു.

പശ്ചിമ ബം​ഗാളിലെ ബിജെപി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനേറ്റത് പോലെ പരാജയം ഏറ്റുവാങ്ങുമെന്നും മമത ബാനർജി പറഞ്ഞു. പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ദിവസം ബിജെപി പ്രവർത്തകർ ട്രംപ് അനുഭാവികളെപ്പോലെ പെരുമാറും. ഈ വർഷം ഏപ്രിലിൽ നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ടിഎംസി, ബിജെപി, ഇടതുപക്ഷം എന്നിവ തമ്മിലുള്ള ത്രികോണ പോരാട്ടത്തിനാണ് പശ്ചിമ ബംഗാൾ സാക്ഷ്യം വഹിക്കുക.

ബംഗാൾ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. തൃണമൂലിൽ നിന്ന് പല നേതാക്കളും ബിജെപിയിലേക്ക് പോയതും വാർത്താപ്രാധാന്യം നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂൽ നേതാക്കളുടെ രാജി പാർട്ടിക്ക് തലവേദയായിട്ടുണ്ട്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബിജെപിയിൽ ചേർന്നത് മമതാ ബാനർജിക്ക് തിരിച്ചടിയായിരുന്നു.

സുവേന്തുവിനൊപ്പം തൃണമൂലിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂൽ കൗൺസിലർമാരും കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ ലക്ഷ്മി രത്തൻ ശുക്ല കഴിഞ്ഞദിവസം രാജിവെച്ചതും വാർത്തയായിരുന്നു. ബംഗാൾ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തൻ. മുൻ ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് അദ്ദേഹം.

തൃണമൂൽ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂൽ എംഎൽഎ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല. മന്ത്രിയുടെ രാജിക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലക്ഷ്മി രത്തൻ രാഷ്ട്രീയരംഗത്ത് നിന്നും പിന്മാറാൻ പോകുകയാണെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.