കൊയ്‌റോ: ഒടുവിൽ ലോകത്തിന് ആശ്വാസം പകർന്ന് ആ വാർത്തയെത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയായ സൂയസ് കനാലിന് കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ 'എവർഗിവൻ' നീക്കി. ചെളിയിൽ പുതഞ്ഞ കപ്പൽ ഒഴുകി തുടങ്ങിയതായി സൂയസ് കനാൽ അതോരരിറ്റി അറിയിച്ചു. കനാൽ അഥോറിറ്റി ചെയർമാർ അഡ്‌മിറൽ ഒസാമ റബിയാണ് ദൗത്യം പൂർത്തിയായതായി അറിയിച്ചത്. ഏതാണ്ട് ഒരാഴ്ചയോളം നീണ്ട പരിശ്രമഫലമായാണ് ചെളിയിൽ പുതഞ്ഞ കപ്പൽ മോചിപ്പിച്ചത്. ഇതോടെ കനാൽ വഴിയുള്ള ജലഗതാഗതം പുനരാരംഭിച്ചു. 'അവൾ സ്വതന്ത്രയായി' എന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയയാൾ പ്രതികരിച്ചത്. സൂയസ് കനാലിലെ ടഗ് ബോട്ടുകളിലൊന്ന് വലിച്ചിടുന്ന ചിത്രവും വിഡിയോയും അധികൃതർ പങ്കുവെച്ചു.

കപ്പലിന്റെ മുൻ, പിൻ ഭാഗങ്ങൾ നാലു മീറ്റർ ചലിച്ചതായി നേരത്തെ സൂയസ് കനാൽ അഥോറിറ്റി ചെയർമാൻ ഉസാമ റബി പറഞ്ഞതായി ഈജിപ്തിലെ എക്‌സ്ട്രാ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മുൻഭാഗം ചലിച്ചു തുടങ്ങുകയും പ്രൊപ്പലർ പ്രവർത്തന സജ്ജമാവുകയും ചെയ്തതോടെയാണ് കപ്പലിനെ നീക്കാൻ സാധിച്ചത്. മണൽതിട്ടയിൽ ഇടിച്ച കപ്പലിന്റെ അണിയത്ത് കൂടി വെള്ളം ഒഴുകി തുടങ്ങുകയും ചെയ്തിരുന്നു.

കൂടുതൽ ടഗ് ബോട്ടുകൾ ഉപയോഗിച്ചും ഇരുവശത്തെയും ഡ്രെഡ്ജിങ് നടത്തി കപ്പൽ മോചിപ്പിച്ചും കണ്ടയ്‌നറുകൾ മാറ്റി ഭാരം കുറച്ചുമാണ് കപ്പലിനെ നീക്കിയത്. 24 മണിക്കൂറിൽ 12 മണിക്കൂർ ഡ്രെഡ്ജിങ്ങിനായും 12 മണിക്കൂർ ടഗ് ബോട്ടുകളുടെ പ്രവർത്തനങ്ങൾക്കുമായാണ് മാറ്റിവെച്ചത്. 14 ടഗ് ബോട്ടുകൾ സ്ഥലത്തെത്തിച്ചിരുന്നു. നെതർലൻഡ്‌സ് ആസ്ഥാനമായുള്ള ബോസ്‌കാലിസ് ആണ് മണ്ണും മണലും നീക്കം ചെയ്യുന്ന ജോലി ചെയ്തത്.

ഏഷ്യയിൽ നിന്ന് യൂറോപിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള കപ്പൽ പാത ആറു ദിവസമാണ് അടഞ്ഞു കിടന്നത്. ഞായറാഴ്ചത്തെ കണക്കുകൾ പ്രകാരം എൽ.എൻ.ജി, എൽ.പി.ജി ഉൽപന്നങ്ങൾ, വസ്ത്രം, ഫർണിച്ചർ, നിർമ്മാണ സാമഗ്രികൾ, കാർ സ്‌പെയർ പാർട്‌സുകൾ അടക്കമുള്ളവ കയറ്റിയ 369 കപ്പലുകൾ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടന്നത്.

ചൊവ്വാഴ്ച പുലർച്ചയാണ് എവർഗിവൻ എന്ന ജപ്പാൻ ചരക്കുകപ്പൽ സൂയസ് കനാലിന് മധ്യേ ചേറിൽ പുതഞ്ഞത്. 2,24,000 ടൺ ചരക്ക് കയറ്റാൻ ശേഷിയുള്ളതാണ് കപ്പൽ. ജപ്പാനിലെ ഷൂയി കിസെൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ തായ്‌വാൻ കമ്പനിയായ എവർഗ്രീൻ മറൈനാണ് സർവിസിന് ഉപയോഗിക്കുന്നത്. പൗരസ്ത്യ ലോകവും പാശ്ചാത്യ ലോകവും തമ്മിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയാണ് സൂയസ് കനാൽ. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളിലൊന്നായ സൂയസ് കനാൽ വഴി പ്രതിദിനം 960 കോടി ഡോളർ (69,650 കോടി രൂപ) മൂല്യമുള്ള ചരക്ക് കടത്തുന്നുവെന്നാണ് കണക്കുകൂട്ടൽ.

ആഗോള വ്യാപാരത്തിന്റെ 10 ശതമാനം ഓരോ വർഷവും കടന്നുപോകുന്നതിനാൽ പടിഞ്ഞാറും കിഴക്കും തമ്മിലുള്ള എല്ലാ വ്യാപാരത്തിന്റെയും ജിവനാഡിയായി നിൽക്കുന്ന കനാലാണിത്. പ്രതിദിനം ശരാശരി 50 കപ്പലുകളും അവയിലൂടെ ഏകദേശം 9.5 ബില്യൺ ഡോളർ വിലവരുന്ന ചരക്കുകളുമാണ് ഈ കനാലിലൂടെ കടന്നുപോകുന്നത്. നേരത്തെ 2017 ജപ്പാൻ കപ്പൽ സാങ്കേതിക തകരാറിനെ തുടർന്ന് സൂയസ് കനാലിൽ നിന്ന് പോയിരുന്നു. എന്നാൽ മണിക്കൂറുകൾ കൊണ്ട് തകരാർ പരിഹരിച്ച് കപ്പലിനെ നീക്കാൻ സാധിച്ചിരുന്നു. എവർ ഗിവൺ കപ്പൽ നീങ്ങി തുടങ്ങിയെന്ന റിപ്പോർട്ടുകൾക്ക് പുറമെ ക്രൂഡ് ഓയിൽ വിലയിൽ കുറവ് വന്നിട്ടുണ്ട്.

74 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയതിനെ തുടർന്നാണ് കപ്പൽ കനാലിനു കുറുകെ കുടുങ്ങിയെന്നാണു പ്രാഥമിക റിപ്പോർട്ട്. എന്നാൽ, കപ്പൽ കുടുങ്ങിയതിനു പിന്നിൽ കാറ്റു മാത്രമല്ലെന്നും മാനുഷിക പിഴവുകളും സാങ്കേതികപ്രശ്‌നങ്ങളും ഉണ്ടാകാമെന്ന് സൂയസ് കനാൽ അഥോറിറ്റി ചീഫ് പ്രതികരിച്ചിരുന്നു. കനാൽ വഴിയുള്ള എണ്ണക്കയറ്റുമതിയിൽ മുന്നിൽ റഷ്യയും സൗദി അറേബ്യയുമാണ്. എണ്ണ ഇറക്കുമതിയിൽ മുന്നിൽ ഇന്ത്യയും ചൈനയും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലഗതാഗത സംവിധാനമായ സൂയസ് കനാൽ ഈജിപ്തിന്റെ അധീനതയിലാണ്.

ഭീമൻ ചരക്കുകപ്പൽ നീക്കാൻ വേണ്ടി 14 ടഗ്ഗുകളാണ് ഇപ്പോൾ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 18 മീറ്റർ ആഴത്തിൽ 27,000 ഘനമീറ്റർ മണ്ണ് ഇതിനകം നീക്കം ചെയ്ത ശേഷമാണ് ദൗത്യം വിജയിച്ത് എന്നാണ് സൂചന. അടിത്തട്ടിലെ പാറയാണു ദൗത്യം തടസ്സപ്പെടുത്തിയത്. വേലിയേറ്റ സമയം കപ്പൽ ചലിപ്പിക്കാൻ രണ്ടു ശ്രമങ്ങൾ നടന്നെങ്കിലും ഫലിച്ചില്ല. കപ്പലിന്റെ മുൻഭാഗത്തുള്ള കണ്ടെയ്‌നറുകൾ മാറ്റിയശേഷം ശ്രമം തുടരുകയും ചെയ്തിരുന്നു.