മുംബൈ: കൂടുതൽ കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎൽ മത്സരങ്ങൾ താൽക്കാലികമായി റദ്ദാക്കുകയാണെന്ന് ബിസിസിഐ. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. സീസണിലെ മത്സരങ്ങൾ പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും മത്സരങ്ങൾ പിന്നീട് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്നും രാജിവ് ശുക്ല വ്യക്തമാക്കി. മത്സരങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കുകയാണെന്നും രാജീവ് ശുക്ല വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

The Indian Premier League Governing Council (IPL GC) and Board of Control for Cricket in India (BCCI) in an emergency meeting has unanimously decided to postpone IPL 2021 seaosn, with immediate effect: BCCI pic.twitter.com/3NaN3qgJdt

- ANI (@ANI) May 4, 2021

ഇന്ന് മുംബൈ ഇന്ത്യൻസുമായി കളിക്കേണ്ടിയിരുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസിലെ അമിത് മിശ്രക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ അടിയന്തിരമായി തീരുമാനമെടുത്തത്. ഐപിഎൽ ടീമുകളിൽ കോവിഡ് ആശങ്ക പടരുന്നതിനിടെ ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം മുംബൈയിലെ വാംഖഡെ, ഡിവൈ പാട്ടീൽ, ബ്രാബോൺ സ്റ്റേഡിയങ്ങളിൽ മാത്രമായി നടത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാൽ ഇന്ന് കൂടുതൽ താരങ്ങൾ കോവിഡ് ബാധിതരായതോടെ ടൂർണമെന്റ് തൽക്കാലത്തേക്ക് നിർത്തിവെക്കാൻ ബിസിസിഐ തിരുമാനിക്കുകയായിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ വരുൺ ചക്രവർത്തിക്കും മലയാളി താരം സന്ദീപ് വാര്യർക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ബാം?ഗ്ലൂർ-കൊൽക്കത്ത മത്സരം മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ ചെന്നൈ ടീമിന്റെ ബൗളിം?ഗ് പരിശീലകനായ ലക്ഷിപതി ബാലാജിക്കും സിഇഒ കാശി വിശ്വനാഥനും ടീം ബസിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് ടീമിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസിലെ അമിത് മിശ്രക്കും കോവിഡ് സ്ഥിരീകരിച്ചത്.

കൊൽക്കത്ത താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹി ക്യാപിറ്റൽസ് താരങ്ങളോട് ക്വാറന്റീനിൽ പോവാൻ ബിസിസിഐ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയുമായാണ് കൊൽക്കത്ത ഐപിഎല്ലിൽ അവസാന മത്സരം കളിച്ചത്. കോവിഡ് ഭീതിയെത്തുടർന്ന് അഞ്ച് വിദേശ താരങ്ങൾ നേരത്തെ ടീം വിട്ടിരുന്നു. ടൂർണമെന്റിൽ തുടരണോ അതോ പിൻവാങ്ങണോ എന്ന കാര്യം കളിക്കാർക്ക് തീരുമാനിക്കാമെന്ന് ദക്ഷിണാഫ്രിക്കയുടെയും ഓസ്‌ട്രേലിയയുടെയും ക്രിക്കറ്റ് ബോർഡുകൾ വ്യക്തമാക്കുകയും ചെയ്തു.