ചുള്ളിക്കാവ് ചിറയിലുള്ള വാഴത്തോട്ടത്തിൽ നിന്നും ചാരായം വാറ്റിക്കൊണ്ടിരിക്കുമ്പോൾ തൃശൂർ എക്‌സൈസ് റെയ്ഞ്ച് പാർട്ടിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കൂട്ടാളിയും പ്രദേശത്തെ പ്രധാന വാറ്റുകാരനുമായ കാർഗിൽ ജോയ് ഓടി രക്ഷപ്പെട്ടു.ഓണത്തിന് കുലകൾ വിൽക്കുന്നതിന് ലക്ഷ്യമിട്ട് വാഴകൃഷി നടത്തുകയാണെന്നും കൃഷി ആവശ്യത്തിലേക്കായിട്ടാണ് എത്തുന്നതെന്നുമാണ് ഇരുവരും നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്.

വർഷങ്ങളായി വലിയ തോതിൽ ചാരായം വാറ്റ് നടത്തിവന്നിരുന്ന രവിയും ജോയിയും വന പ്രദേശത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കേസുകളിൽ പെടാതെ രക്ഷപ്പെട്ടു നടക്കുകയായിരുന്നു. കാട്ടാനയിറങ്ങുന്ന സ്ഥലമായതിനാൽ രാത്രി കാലങ്ങളിൽ പുറത്തു നിന്നും ആരും ഇവിടേക്ക് വരില്ലെന്ന വിശ്വാസമാണ് പ്രതികളെ ഈ സ്ഥലം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത് .ഇത് മനസിലാക്കിയ എക്‌സൈസുകാർ തന്ത്ര പൂർവ്വം ചാരായം വാറ്റ് പിടികൂടുകയായിരുന്നു.

വാഴത്തോട്ടത്തിലെ ഒഴിഞ്ഞ പ്രദേശമാണ് ചാരായ നിർമ്മാണത്തിനായി ഇരുവരും തിരഞ്ഞെടുത്തത്. ഈ പ്രദേശത്ത് നിരന്തരം ആനശല്യം ഉള്ളതിനാൽ പുറത്തു നിന്നും ആരും ഈ പ്രദേശത്തേക്ക് എത്താറില്ല. കാട്ടാനകളെ അകറ്റുന്നതിന് വലിയ തോതിൽ 'വെളിച്ചം ഈ പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നു. പരിചയക്കാരല്ലാത്ത ആളുകളെ കണ്ട വാറ്റുകാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രധാന മുഖ്യ പ്രതിയെ വേഷ പ്രച്ഛന്നരായ എക്‌സൈസ് സംഘം കയ്യോടെ പൊക്കി.

പുരയിടത്തിൽ നിന്നും 500 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഗ്യാസ് സെറ്റും കണ്ടെടുത്തു. പുലർച്ചെ വാഴക്കുലകൾ വെട്ടാനെന്ന് തോന്നിക്കും വിധമുള്ള വേഷഭൂഷാധികളും വാക്കത്തിയുമൊക്കെയായിട്ടാണ് എക്‌സൈസ് ഉദ്യോഗസ്ഥർ വാഴത്തോട്ടത്തിൽ പ്രവേശിച്ചത്. ഈ സമയം ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് വാറ്റു നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

തൃശൂർ എക്‌സൈസ് റെയ്ഞ്ച് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഹരീഷ് സി.യു വിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണ രാജ് ,സജീവ് കെ എം,സുനിൽ കുമാർ റ്റി ആർ , രാജേഷ് കെ വി , സി ഇ ഒ മാരായ സനീഷ് കുമാർ ,ഇർഷാദ് , ബിബിൻ' ചാക്കോ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.