കണ്ണൂർ: ശാസ്ത്ര ലോകത്തിന് കൗതുകമായി 'അനിലോക്ര ഗ്രാന്മാഈ' വരുന്നു. കഴിഞ്ഞ ദിവസം കണ്ടെത്തിയ ചരുഇനത്തിൽപെട്ട മത്സ്യത്തിൽനിന്ന് കണ്ടെത്തിയ ഐസോപോഡ വിഭാഗത്തിൽപെട്ട പരാദജീവിയാണ് അനിലോക്ര. അറബിക്കടലിലെ ഈ പുതിയ അതിഥിക്ക് ഇത്തരമൊരു പേര് വന്നതിന് പിന്നിലും രസകരമായ ഒരു കഥയും അ കഥയ്ക്ക് പിന്നിൽ ഒരു മലയാളി സാന്നിദ്ധ്യവും ഉണ്ട്. തന്റെ പ്രിയപ്പെട്ട മുത്തശ്ശിയുടെ ഓർമ്മയ്ക്കായി കാസർകോട് സ്വദേശിയായ അനീഷാണ് ഇത്തരമൊരു പേര് ഈ അതിഥിക്ക് ഇട്ടത്.കേരളസർവകലാശാല അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിൽ ഗവേഷണാനന്തരപഠനം നടത്തുന്ന വ്യക്തിയാണ് കാസർകോട് തയ്യേനി സ്വദേശി ഡോ. പി.ടി.അനീഷ്.

തന്റെ പഠനത്തിനും ജീവിതത്തിലും വഴികാട്ടിയായിരുന്ന സമീപകാലത്ത് അന്തരിച്ച മുത്തശ്ശിയുടെ സ്മരണാർഥമാണ് ഈ കടൽജീവിക്ക് പേരിട്ടതെന്ന് ഡോ. അനീഷ് പറഞ്ഞു. വകുപ്പുമേധാവി പ്രൊഫ. എ.ബിജുകുമാർ, ദക്ഷിണാഫ്രിക്കയിലെ നോർത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ ഹഡ്ഫീൽഡ്, നിക്കോസ്മിത്ത് എന്നിവർക്കൊപ്പമാണ് ഡോ. അനീഷ് ഈ പരാദജീവിയെ കണ്ടെത്തിയത്. കണ്ടെത്തൽ പരാദഗവേഷണത്തിലെ പ്രമുഖ ജേണൽ 'ഇന്റർനാഷണൽ ജേണൽ ഫോർ പാരസൈറ്റോളജി: പാരസൈറ്റിസ് ആൻഡ് വൈൽഡ്ലൈഫി'ന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

മത്സ്യങ്ങളുടെ ശരീരത്തിൽ വസിച്ച് അവയിൽനിന്ന് ആഹാരം കണ്ടെത്തി ജീവിക്കുന്ന ചെറുജീവിവർഗങ്ങളാണ് മത്സ്യപരാദങ്ങൾ. ഇത്തരത്തിലുള്ള ക്രസ്റ്റേഷ്യൻജീവികളുടെ ഗണത്തിൽപ്പെട്ട രണ്ടു പുതിയജീവികളെയാണ് ഇവർ കണ്ടെത്തിയത്. ഇവ പ്രധാനമായും മത്സ്യങ്ങളുടെ ശരീരഉപരിതലം, ചെകിള അറ, വായ് അറ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ഇന്ത്യന്മഹാസമുദ്രത്തിൽനിന്ന് ആഴക്കടൽമത്സ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ക്രസ്റ്റേഷ്യൻ ജീവികളുടെ കൂട്ടത്തിൽ ഒരു പുതിയ ജനുസിനെ ഈ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഈ ജീവിക്ക് ഭാരതത്തിന്റെ (ഭാരത്) പേരാണ് നൽകിയത്.

തയ്യേനിസ്വദേശിയായ ഡോ. പി.ടി.അനീഷ് പയ്യന്നൂർ കോളേജിലാണ് സുവോളജിയിൽ ബിരുദം നേടിയത്. കണ്ണൂർ സർവകലാശാലയിൽനിന്ന് നാച്ചുറൽ സയൻസിൽ ബി.എഡ്. നേടി. 2014-ൽ പിഎച്ച്.ഡി നേടി. 2016-17ൽ കൊൽക്കത്തയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ പ്രവർത്തിച്ചു. തുടർന്നാണ് ഗവേഷണാനന്തരപഠനത്തിന് ചേർന്നത്.