മലപ്പുറം: ചെരിപ്പ് കടിച്ചുവലിച്ചതിനു വളർത്തുനായയെ സ്‌കൂട്ടറിൽ കെട്ടി വലിച്ച സംഭവത്തിൽ ഉടമയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.തൃശൂർ സ്വദേശിനിയായ അനിമൽ വെൽഫെയർ ഓഫിസർ സാലി വർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂട്ടർ ഓടിച്ചിരുന്നത് എടക്കര കരുനെച്ചി സ്വദേശി സേവ്യറാണെന്നും ഒപ്പമുണ്ടായിരുന്നത് ഇയാളുടെ ബന്ധുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. രാത്രി ഇയാളുടെ വീട്ടിലെത്തിയ എമർജൻസി റെസ്‌ക്യു ഫോഴ്‌സ് ടീം നായയുടെ പരിചരണം ഏറ്റെടുത്തിട്ടുണ്ട്.

മലപ്പുറം എടക്കരയ്ക്കു സമീപം വെസ്റ്റ് പെരുങ്കുളത്ത് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഉടമസ്ഥനും ബന്ധുവും സഞ്ചരിച്ച സ്‌കൂട്ടറിനു പിന്നിൽ കയറുകെട്ടി 3 കിലോമീറ്റർ ദൂരമാണ് നായയെ വലിച്ചിഴച്ചത്. കണ്ണില്ലാത്ത ക്രൂരത കണ്ട് നാട്ടുകാർ ഇടപെട്ടതോടെയാണു വിവരം പുറംലോകമറിഞ്ഞത്. മിണ്ടാപ്രാണിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന കാഴ്ചകണ്ട നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇവരോടെല്ലാം ഉടമസ്ഥൻ തട്ടിക്കയറുകയും ചെയ്തു.

തുടർന്നു പൊതുപ്രവർത്തകൻ ഉമ്മർ വളപ്പന്റെ നേതൃത്വത്തിൽ വെസ്റ്റ് പെരുങ്കുളത്ത് വച്ച് വാഹനം തടഞ്ഞാണു നായയെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ രോഷാകുലരായതോടെ സ്‌കൂട്ടറിൽനിന്നു കെട്ടഴിച്ചുവിട്ട നായയെ പിന്നീട് ഉടമസ്ഥൻ വീട്ടിലേക്കു കൊണ്ടു പോകുകയായിരുന്നു. ഇതിനിടയിലാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചത്. ഇതോടെ സേവ്യറിനെതിരെ പ്രതിഷേധം വ്യാപകമാവുകയായിരുന്നു.

ഒപ്പം തന്നെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. ചെറിയ ശിക്ഷകൾ മാത്രം ലഭിക്കുന്നതുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.