നെയ്യാറ്റിൻകര: ഖലാസികളും പിന്മാറിയതോടെ പൂവാർ പൊഴിക്കരയിൽ കരയിലേക്ക് ഇടിച്ചു കയറിയ ബോട്ടിന് സമീപം നിസ്സാഹയനായി നിൽക്കുകയാണ് ബോട്ടുടമ കൊല്ലം സ്വദേശി തൈത്തോപ്പിൽ ആനന്ദ്.ജീവിതം രക്ഷപ്പെടുത്താൻ അറ്റ കൈ പ്രയോഗമെന്ന നിലയിലാണ് ഒരു ബോട്ട് പരീക്ഷിച്ചത്. അതിപ്പോൾ ജീവിതത്തിൽ കുരുക്കായി മാറിയിരിക്കുകയാണ് ആനന്ദിന്.ഒരായുസ്സിന്റെ അധ്വാനം മുഴുവൻ അധ്വാനവും പ്രതീക്ഷയുമാണ് ഇദ്ദേഹത്തിന് നഷ്ടമായത്.

ഫെബ്രുവരി 18നു പുലർച്ചെയാണ് മറിയം എന്ന മത്സ്യബന്ധന ബോട്ട് ദിശ മാറി കരയിൽ എത്തിയത്. സ്രാങ്ക് (ബോട്ട് ഡ്രൈവർ) ഉറങ്ങിപ്പോയതാണെന്നും ദിശമാറിപ്പോയതാണെന്നും ഒക്കെ കേൾക്കുന്നുണ്ട്, ആരെയും പഴിക്കാൻ താനില്ലെന്ന് ആനന്ദ് പറയുന്നു. ബോട്ട് തിരികെ കടലിൽ ഇറക്കാൻ, വിഴിഞ്ഞം അദാനി ഗ്രൂപ്പിന്റെ സഹായം തേടി. അവരുടെ ചെറിയ കപ്പൽ, കടലിൽ നിന്നും കെട്ടി വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ആനന്ദിന്റെ തന്നെ ബന്ധുക്കൾ ചെറിയ ബോട്ടുകളിലെത്തി ഇതാവർത്തിച്ചപ്പോഴും വിജയം കണ്ടില്ല.

പിന്നീടാണ് കോഴിക്കോട്ടു നിന്നും ഖലാസികളെ വരുത്തിയത്. അവർ ആദ്യം ബോട്ടിനെ കടലിൽ ഇറക്കാനും പിന്നീട് കരയിലേക്കു കയറ്റി വയ്ക്കാനുമാണ് ശ്രമിച്ചത്. മണ്ണുമാന്തി ഉപയോഗിച്ചു മണൽ മാറ്റാനും ഇരുമ്പ് റോപ് ഉപയോഗിച്ചു കെട്ടി മണ്ണിൽ നിന്നും ഉയർത്താനുമാണ് ശ്രമിച്ചത്. പക്ഷേ, ശക്തമായ തിരമാലകളെ അതിജീവിക്കാൻ അവർക്കായില്ല. തിരമാലകൾ തുടർച്ചയായി പതിച്ചതുമൂലം ബോട്ടിന്റെ കടലിന് അഭിമുഖമായി കിടന്ന ഭാഗം ഏതാണ്ടു പൂർണമായും നശിച്ചു. ഇതിലൂടെ വെള്ളവും മണലും കയറി. ബോട്ടിനു തന്നെ 100 ടൺ ഭാരമുണ്ട്. ജലവും മണലും കൂടിയായപ്പോൾ ഭാരം ഇരട്ടിയോളമായെന്നു ഖലാസികൾ പറഞ്ഞത്.

തങ്ങളെക്കൊണ്ടാവില്ലെന്നു തീർത്തു പറഞ്ഞ് ഖലാസികൾ മടങ്ങും മുൻപ് ആനന്ദിനൊരു ഉപദേശവും നൽകി ബോട്ട് ആക്രിക്ക് വിൽക്കുക.ഇതോടെയാണ് ആനന്ദിന്റെ സകല പ്രതീക്ഷകളും അസ്ഥാനത്തായത്.ഒന്നര കോടി രൂപ മുടക്കി നിർമ്മിച്ച ബോട്ട് ആക്രി വിലയ്ക്കു വിൽക്കേണ്ടി വരുമെന്നു പറയുമ്പോൾ ബോട്ടുടമ കൊല്ലം ശക്തികുളങ്ങര തൈത്തോപ്പിൽ ആനന്ദ് എന്ന ഇഗ്‌നേഷ്യസ് ലയോള നിയന്ത്രണം വിട്ട് കരയുകയാണ്.

20 വർഷത്തോളം മരുഭൂമിയിലെ പൊരി വെയിലിൽ അധ്വാനിച്ചുണ്ടാക്കിയ പണവും ബാങ്കിൽ നിന്നും വായ്പ എടുത്ത 43 ലക്ഷം രൂപയും ചേർത്താണ് ഒന്നര കോടി രൂപയുടെ മറിയം എന്ന ബോട്ടു നിർമ്മിച്ചതെന്ന് ആനന്ദ് പറയുന്നു.ലോക്ഡൗൺ വരെ കുഴപ്പമില്ലാതെ കാര്യങ്ങൾ പോയി. കോവിഡ് കാലത്ത് വായ്പയുടെ തിരിച്ചടവ് മുടങ്ങി. പിന്നെയും കടലിൽ പോയി ഒന്നു പച്ചപിടിച്ചു വന്നപ്പോഴാണ് നിനച്ചിരിക്കാതെ അപകടമുണ്ടായത്.

താനും ഒരു മത്സ്യത്തൊഴിലാളിയാണെന്നു ചൂണ്ടിക്കാട്ടുന്ന ആനന്ദ്, പലരെയും ബന്ധപ്പെട്ടിട്ടും സർക്കാരിന്റെ യാതൊരു സഹായവും ഇതുവരെ ലഭിച്ചില്ലെന്നും പറയുന്നു. ഖലാസികളെ കൊണ്ടു വന്നതുൾപ്പെടെ 15 ലക്ഷത്തോളം രൂപ ഇതിനകം ചെലവായിക്കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചാണ് ഇത് നടന്നത്. വീടും പറമ്പും പണയപ്പെടുത്തിയാണ് വായ്പ എടുത്തത്.

തനിക്കൊരു കൈത്താങ്ങ് ലഭിച്ചില്ലെങ്കിൽ നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ലെന്നും ആനന്ദ് പറഞ്ഞു.ഭാര്യയും പറക്കമുറ്റാത്ത മൂന്നു മക്കളും ഉൾപ്പെടുന്നതാണ് ആനന്ദിന്റെ കുടുംബം