ന്യൂഡൽഹി: രണ്ട് കേന്ദ്ര മന്ത്രിമാർ, എയർ ചീഫ് മാർഷൽ എന്നിവരുമായി വ്യോമസേനയുടെ എസി130 ജെ സൂപ്പർ ഹെർക്കുലീസ് യാത്രാ വിമാനം രാജസ്ഥാനിലെ ബാർമറിലെ ദേശീയ പാതയിൽ അടിയന്തരമായി ഇറക്കി.സേനയുടെ മോക്ഡ്രില്ലിന്റെ ഭാഗമായിരുന്നു അടിയന്തര 'ഫീൽസ് ലാൻഡിങ്.'സി130 ജെ സൂപ്പർ ഹെർക്കുലീസിനു പിന്നാലെ ജോഗർ, സുഖോയ് എസ്യു30 എംകെഐ എന്നീ വിമാനങ്ങളും നിലത്തിറങ്ങുകയും പറന്നുയരുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ റോഡുകൾ എയർ സ്ട്രിപ്പുകളാക്കി മാറ്റുന്നതിനുള്ള പരീക്ഷണമാണ് രാജസ്ഥാനിൽ നടന്നത്.

 

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ എന്നിവരെ വഹിച്ചാണ് വിമാനം ദേശീയ പാതയിൽ ഇറക്കിയത്. 'എല്ലാവർക്കും അനുമോദനങ്ങൾ. സാധാരണ കാറുകളും ട്രക്കുകളുമൊക്കെ കാണുന്ന വഴിയിൽ ഇപ്പോൾ വിമാനങ്ങൾ കാണാം. വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണിത്. കാരണം എന്തെന്നാൽ 1971ൽ യുദ്ധം നടന്ന സ്ഥലമാണിത്. തൊട്ടടുത്താണ് അതിർത്തി. ഇന്ത്യയുടെ അഖണ്ഡതയെയും സമഗ്രതയെയും സംരക്ഷിക്കാൻ എപ്പോഴും സജ്ജമായിരിക്കും.

യുദ്ധത്തിനു മാത്രമല്ല, ക്ഷേമ പ്രവർത്തനങ്ങൾക്കും സുരക്ഷാ ദൗത്യങ്ങൾക്കും കൂടി വേണ്ടിയാണ് ഹെലിപാഡുകൾ നിർമ്മിച്ചിരിക്കുന്നത്. കോവിഡ് പോലെയുള്ള പ്രകൃതി ദുരന്തങ്ങളും യുദ്ധ സമാനം തന്നെയാണ്. യുദ്ധമായാലും പ്രകൃതി ദുരന്തമായാലും വ്യോമസേന എപ്പോഴും ഒപ്പമുണ്ടാകും' രാജ്‌നാഥ് സിങ് വ്യക്തമാക്കി.

 

വിമാനങ്ങൾ റോഡിൽ സുരക്ഷിതമായി ഇറങ്ങുന്നതും പറന്നുയരുന്നതും ദൃശ്യങ്ങളിൽ കാണാം. ആഗ്ര ലഖ്‌നൗ എക്സ്‌പ്രസ് പാത അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 12 ഹൈവേകൾ അടിയന്തര എയർ സ്ട്രിപ്പുകളാക്കി മാറ്റാൻ സാധിക്കുമെന്നു സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ടിൽ പറയുന്നു.