വയനാട്: വയനാട് പനമരം ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. നെല്ലിയമ്പം കുറുമ കോളനിയിലെ അർജുനാണ് എലി വിഷം ഉള്ളിൽ ചെന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായത്. അർജുൻ പ്രതിയാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാവിലെ 10 മണിക്കാണ് മാനന്തവാടി ഡിവൈഎസ്‌പി ഓഫീസിലേക്ക് നെല്ലിയമ്പം കുറുമ കോളനിയിലെ അർജുനെ പൊലീസ് വിളിച്ചു വരുത്തിയത്. ചോദ്യം ചെയ്യുന്നതിനിടെ അർജുൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയും അടി വസ്ത്രത്തിൽ ഒളിപ്പിച്ച എലി വിഷം ഉപയോഗിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്. അർജുനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അർജുന്റെ ആരോഗ്യ നില തൃപ്തികരമാണ്. എന്നാൽ അർജുൻ പ്രതിയാണെന്ന് കരുതുന്നില്ലെന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നും നാട്ടുകാർ പറഞ്ഞു.

വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് വയനാട് പൊലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ ജൂൺ പത്തിന് രാത്രിയാണ് റിട്ട. അദ്ധ്യാപകൻ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും കുത്തേറ്റ് മരിച്ചത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനിടെ മുന്നോറോളം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.