മുംബൈ: കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാൻ സർക്കാർ അനുമതി നൽകി. ഒക്ടോബർ 22 മുതലാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത്.

പകുതി സീറ്റിൽ ആളുകളെ ഉൾക്കൊള്ളിച്ച് തുറക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ അടുത്ത ആഴ്ച പുറത്തിറക്കുമെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

സ്‌കൂളുകളും ആരാധനാലയങ്ങളും തുറക്കാൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനം എടുത്തിരുന്നു. പിന്നാലെ സിനിമ, തിയേറ്റർ പ്രതിനിധികളുമായി ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് തുറക്കാനുള്ള തീരുമാനം എടുത്തത്.

50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് ഇപ്പോൾ അനുമതി നൽകുന്നത്. രണ്ട് ഡോസ് വാക്സിനെടുത്ത ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം.