ആലപ്പുഴ: ബാങ്ക് മോഷ്ടാക്കൾ സ്വർണവും പണവും കവർന്നതിനൊപ്പം അടിച്ചുകൊണ്ട് പോയത് ബാങ്കിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക്കും. ഹരിപ്പാട് കരുവാറ്റയിലെ സഹകരണ ബാങ്കിലാണ് ഓണത്തിനിടെ വൻ കവർച്ച നടന്നത്. ബാങ്കിൽ സൂക്ഷിച്ചിരുന്ന അഞ്ചര കിലോ സ്വർണവും നാലര ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നു. ബാങ്കിലെ ലോക്കറുകൾ തകർത്താണ് മോഷണം നടത്തിയത്. ഓണം അവധിക്കിടെ നടന്ന വൻ കവർച്ച പുറം ലോകം അറിയുന്നത് ഇന്ന് ജീവനക്കാർബാങ്കിൽ എത്തിയതോടെയാണ്.

ഓണം പ്രമാണിച്ച് കഴിഞ്ഞ നാല് ദിവസവും ബാങ്കിന് അവധിയായിരുന്നു. നാല് ദിവസത്തെ അവധിക്ക് ശേഷം വ്യാഴാഴ്ച ജീവനക്കാർ ബാങ്കിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്ന ലോക്കറുകൾ തകർത്തത്. ബാങ്കിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക്കും മോഷണം പോയിട്ടുണ്ട്. അതിനാൽ മോഷ്ടക്കാളുടെ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലെത്തി. നിലവിൽ ബാങ്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇതിൽനിന്ന് എന്തെങ്കിലും തുമ്പ് കിട്ടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.