പാട്ന: മണി പവറും മസിൽ പവറുമുണ്ടായിട്ടും ബീ​ഹാറിൽ ആർജെഡി ഒറ്റക്കക്ഷിയാകുന്നത് തടയാൻ നരേന്ദ്ര മോദിക്കും നിതീഷ് കുമാറിനും കഴിഞ്ഞില്ലെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് അനുകൂലമായ ജനവിധിയാണ് ഉണ്ടായതെന്നും പരാതി ഉന്നയിച്ച മണ്ഡലങ്ങളിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആർജെഡി നേതാവും സഹോദരനുമായ തേജ് പ്രതാപ് യാദവ്, സിപിഐഎംഎൽ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ എന്നിവർ തേജസ്വി യാദവിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രി മോദി പിൻവാതിലിലൂടെ കടന്നുവരാൻ ശ്രമിച്ചു. ജയിച്ചത് മഹാസഖ്യമാണ്. ഡബിൾ എഞ്ചിൻ (നിതീഷിന്റെ ജെഡിയു-ബിജെപി സർക്കാർ) പരാജയപ്പെട്ടിരിക്കുന്നു - തേജസ്വി അഭിപ്രായപ്പെട്ടു. പോസ്റ്റൽ ബാലറ്റുകൾ തള്ളിയതായി തേജസ്വി യാദവ് കുറ്റപ്പെടുത്തി. വളരെയധികം പോസ്റ്റൽ ബാലറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതിന്റെ കാരണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല - തേജസ്വി യാദവ് പറഞ്ഞു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ എക്സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് എൻഡിഎ ലീഡ് നേടുന്നതാണ് കണ്ടത്.

തങ്ങളുടെ സ്ഥാനാർത്ഥികൾ നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട 8 സീറ്റുകളിൽ വീണ്ടും വോട്ടെണ്ണണമെന്ന് ആർജെഡി തിരഞ്ഞെടുപ്പ് ഫലം വന്ന നവംബർ 10ന് രാത്രി തന്നെ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മൂന്ന് സീറ്റുകളിൽ റീ കൗണ്ടിങ് വേണമെന്ന് സിപിഐഎംഎല്ലും ആവശ്യപ്പെട്ടിരുന്നു. മഹാസഖ്യത്തിന്റെ വിജയിച്ച 119 സ്ഥാനാർത്ഥികളുടെ പട്ടിക ആർജെഡി പുറത്തുവിട്ടിരുന്നു. വിജയത്തിൽ അഭിനന്ദിച്ച റിട്ടേണിങ് ഓഫീസർമാർ തന്നെ അൽപ്പസമയത്തിനകം തോറ്റെന്ന് പല സ്ഥാനാർത്ഥികളോടും പറഞ്ഞതായി ആർജെഡി ആരോപിച്ചിരുന്നു.

അതേസമയം, എൻഡിഎയിലെ ചെറുകക്ഷികളെ മറുകണ്ടം ചാടിച്ചുകൊണ്ട് അധികാരം പിടിക്കാൻ സാധിക്കുമോ എന്ന ശ്രമത്തിലാണ് തേജസ്വി യാദവ്. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കയാണ്.110 സീറ്റുകൾ നേടിയ മഹാസഖ്യം ചെറുപാർട്ടികളെ കൂടെക്കൂട്ടി ഭരണം പിടിക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോർട്ട്. നിലവിൽ എൻഡിഎയ്ക്ക് ഒപ്പമുള്ള രണ്ട് പഴയ ഘടകകക്ഷികളെ അടക്കം കുടെക്കൂട്ടാനുള്ള ശ്രമമാണ് മഹാസഖ്യം നടത്തുന്നത്. കേവല ഭൂരിപക്ഷത്തിന് 12 സീറ്റുകൾ കുറവുള്ള സഖ്യം മുകേഷ് സാഹിനിയുടെ വിഐപി, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എം, അസദുദ്ദീൻ ഒവൈസി നേതൃത്വം നൽകുന്ന എ.ഐ.എം.ഐ.എം. എന്നിവരുടെ പിന്തുണ നേടാനാണ് ശ്രമം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ജിതിൻ റാം മാഞ്ചിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വരെ കൊടുക്കാൻ തയ്യാറാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്. മുകേഷ് സാഹിനി പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി നാല് സീറ്റുകൾ നേടിയിരുന്നു. ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എമ്മും നാല് സീറ്റുകളാണ് നേടിയത്. വിഐപിയും എച്ച്.എ.എമ്മും നേരത്തെ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും പിന്നീട് എൻഡിഎയ്ക്ക് ഒപ്പം ചേരുകയാരുന്നു.

പാർട്ടികളെ മഹാസഖ്യത്തിന്റെ ഭാഗമാക്കാൻ ശ്രമം നടത്തിന്നതിൽ തെറ്റില്ലെന്ന് ആർജെഡി വ്യത്തങ്ങൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വിഐപിയും എച്ച്എഎമ്മും തങ്ങൾക്കൊപ്പം ചേർന്നാൽ അവർക്ക് എൻഡിഎ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ മെച്ചപ്പെട്ട സ്ഥാനങ്ങൾ നൽകാൻ തയ്യാറാണെന്ന് ആർജെഡി വ്യത്തങ്ങൾ പറഞ്ഞു. എ.ഐ.എം.ഐ.എം മഹാസഖ്യത്തെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും അവർ പറഞ്ഞു.

എന്നാൽ ഇരുപാർട്ടികളിൽ നിന്നും ആശാവഹമായ പ്രതികരണം ലഭിച്ചില്ലെന്നും ആർജെഡി വ്യത്തങ്ങൾ സ്ഥിരീകരിച്ചു. മുകേഷ് സാഹിനി ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടാൽ ആർജെഡി അത് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആർജെഡിയുടെ വാഗ്ദാനം സംബന്ധിച്ച് വിഐപി വ്യത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും മുന്നണി മാറ്റത്തിന് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

എച്ച്.എ.എം നേതൃത്വവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മടങ്ങുന്നതിനേക്കുറിച്ചുള്ള ചോദ്യം ഉദിക്കുന്നില്ലെന്നും ഞങ്ങൾ നേരിട്ട അപമാനം ഇതുവരെ മറന്നിട്ടില്ലെന്നും എച്ച്.എ.എം വൃത്തങ്ങൾ പ്രതികരിച്ചു. എൻഡിഎയിൽ മെച്ചപ്പെട്ട പരിഗണന ലഭിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ എൻഡിഎ അധികാരത്തിൽ വരുന്നത് തടയാൻ ആവശ്യമായത് ചെയ്യുമെന്ന് എ.ഐ.എം.ഐ.എം പ്രതികരിച്ചു.

അതേസമയം മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമ്പോൾ വരുന്ന അസംതൃപ്തരെ മറുകണ്ടം ചാടിക്കാമെന്ന പ്രതീക്ഷയും മഹാഗഡ്ബന്ധൻ സഖ്യത്തിനുണ്ട്. നിതീഷ് മുഖ്യമന്ത്രി ആയാലും പ്രധാന വകുപ്പുകൾക്കായി ബിജെപി പിടിമുറുക്കിയിട്ടുണ്ട്. ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ പാർട്ടിക്ക് ലഭിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാൽ ഇക്കാര്യത്തിൽ നിതീഷ് കുമാറും ജെഡിയുവും നിലപാട് വ്യക്തമാക്കിയിട്ടില്ല. കൂടുതൽ മന്ത്രിസ്ഥാനങ്ങളും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിനെ നയിക്കുന്നതും, മുഖ്യമന്ത്രിയാകുകയും ചെയ്യുക നിതീഷ് കുമാറായിരിക്കുമെന്ന് ബിജെപി വ്യക്തമാക്കി. ദീപാവലിക്ക് ശേഷം നിതീഷ് കുമാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന് ജെഡിയു വക്താവ് കെ സി ത്യാഗിയും പറഞ്ഞു. ബിജെപി കൂട്ടുകെട്ട് ഉപേക്ഷിച്ച് നിതീഷ് കുമാർ മഹാസഖ്യത്തിന്റെ ഭാഗമാകണമെന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങിന്റെ പ്രസ്താവന ബിജെപി നേതാവ് ഗിരിരാജ് സിങ് തള്ളി. നിതീഷ് കുമാർ ഇപ്പോഴും എൻഡിഎയുടെ നേതാവാണെന്ന് ഗിരിരാജ് പറഞ്ഞു.