ഇടുക്കി: തമിഴ്‌നാട് തേനി ജില്ലയിലെ ഉത്തമപാളയത്തിന് സമീപം ഇരുപത് ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. കള്ളനോട്ട് നിർമ്മിച്ച് വിതരണം ചെയ്ത രണ്ടു പേരെ തമിഴ്‌നാട് പൊലീസ് പിടികൂടി. കമ്പത്ത് ഒരു വ്യാപാര സ്ഥാനത്തിൽ ലഭിച്ച കള്ളനോട്ട് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം കിട്ടിയത്.

തേനി ജില്ലയിലെ ഉത്തമപാളയത്തിന് സമീപം രാജപ്പൻപട്ടി മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ആനമലയൻപെട്ടിക്കു സമീപം വെള്ളക്കര എന്ന ഭാഗത്ത് നടത്തിയ പരിശോധനയിൽ ഇരുചക്ര വാഹനത്തിലെത്തിയ ആളുടെ കയ്യിൽ നിന്നും 2000 രൂപയുടെയും 500 രൂപയുടെയും കള്ളനോട്ടുകൾ പിടികൂടി.

ചോദ്യം ചെയ്യലിൽ കമ്പം സ്വദേശി കണ്ണനും ആനമലയൻ പെട്ടി സ്വദേശി അലക്‌സാണ്ടറുമാണ് നോട്ടുകൾ നൽകിയതെന്ന് ഇയാൾ മൊഴി നൽകി. തുടർന്ന് കണ്ണനെയും അലക്‌സാണ്ഠറെയും അറസ്റ്റു ചെയ്തു. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 20,20,910 രൂപയുടെ കള്ളനോട്ടുകൾ പിടികൂടി.

2000, 500, 100, 50 രൂപയുടെ കള്ളനോട്ടുകളാണ് പിടിയിലായവ. കളർ ഫോട്ടോസ്റ്റാറ്റ് മെഷിൻ ഉപയോഗിച്ചാണ് ഇവർ കള്ളനോട്ട് തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിൽ മറ്റാരെങ്കിലുമുണ്ടോയെന്നും അന്വേഷണം തുടങ്ങി. ഇടുക്കിയിലെ കമ്പംമെട്ടിൽ നിന്നും ഈ വർഷമാദ്യം പിടികൂടിയ കള്ളനോട്ട് സംഘവുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.