കോഴിക്കോട്: കോവിഡ് ടെസ്റ്റ് നടത്താനെന്ന വ്യാജേന പിപിഇ കിറ്റ് ധരിച്ച് ഒറ്റക്ക് താമസിക്കുന്ന വയോധികന്റെ വീട്ടിലെത്തി കവർച്ചാ ശ്രമം നടത്തിയ പ്രതികൾ പിടിയിൽ. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി മണൽവയലിൽ ഇന്നലെ വൈകീട്ടാണ് സംഭവം. പുതുപ്പാടി മണൽ വയലിൽ താമസിക്കുന്ന ഡി.ഡി സിറിയക്കിന്റെ വീട്ടിലാണ് പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് ടെസ്റ്റ് നടത്താനെന്ന വ്യാജേന പ്രതികൾ എത്തിയത്.

കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ സ്വദേശി കണ്ണാടിപറമ്പിൽ അനസ്. അനസിനെ സിറിയകിന്റെ വീട്ടിലെത്തിച്ച ഓട്ടോ ഡ്രൈവർ തെയ്യപ്പാറ തേക്കുംതോട്ടം അരുൺ എന്നിവരാണ് അറസ്റ്റിലായത്. അനസ് രണ്ട് ദിവസം മുമ്പ് തന്നെ സിറിയകിന്റെ വീട്ടിലെത്തിയിരുന്നു. ആരോഗ്യ വകുപ്പിൽ നിന്നും കോവിഡ് പരിശോധന നടത്താൻ വന്നതാണ് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അന്ന് പരിശോധന നടത്താനുള്ള സാധനങ്ങൾ ബാഗിൽ ഇല്ലെന്ന് പറഞ്ഞ് തിരിച്ചുപോവുകയായിരുന്നു.

അടുത്ത ദിവസം വരാമെന്ന് പറഞ്ഞാണ് രണ്ട് ദിവസം മുമ്പ് പോയത്. സിറിയകിന്റെ വീടിന്റെ പരിസരം നിരീക്ഷിക്കാൻ വേണ്ടിയാണ് അനസ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് വന്നത്. അന്നു തന്നെ സംശയം തോന്നിയ സിറിയക് പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിവിരം അറിയിച്ചിരുന്നു. അടുത്ത ദിവസം വരാമെന്ന് പറഞ്ഞ അനസിനെ നാട്ടുകാർ കാത്തുനിന്നിരുന്നെങ്കിലും പറഞ്ഞ ദിവസം അനസ് വന്നില്ല. പിന്നീട് ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പിപിഇ കിറ്റ് ധരിച്ച് അനസ് എത്തിയത്.

ഈ സമയത്ത് തന്നെ സിറിയക് അനസ് വന്നിട്ടുണ്ടെന്ന് ആർഅർടി വളണ്ടിയറെയും നാട്ടുകാരെയും ഫോണിൽ വിളിച്ച് വിവിരം അറിയിക്കുകയും ചെയ്തു. നാട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അറിഞ്ഞ അനസ് ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ കത്തി, മുളക് പൊടി, കയർ തുടങ്ങിയവ ഉണ്ടായിരുന്നു.തന്നെ വധിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് സിറിയക് പറയുന്നു.

ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഒറ്റക്ക് താമസിക്കുന്നവരെ നോട്ടമിടുന്ന സംഘമാണെിവർ. മലപ്പുറത്ത് കഴിഞ്ഞ സമാനമായ രണ്ട് സംഭവങ്ങൾ നടന്നിട്ടുണ്ട്. ഒറ്റക്ക് താമസിക്കുന്ന രണ്ട് വയോധികർ കൊല്ലപ്പെട്ടിരുന്നു. പ്രതികൾക്ക് പിന്നിൽ വേറെയും ആളുകൾ ഉണ്ടാവാമെന്നും സിറിയക് പറയുന്നു. നാ്ട്ടുകാർ പിടികൂടിയ പ്രതികളെ താമരശ്ശേരി പൊലീസിൽ ഏൽപിച്ചു. പ്രതികൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കറങ്ങുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.