തിരുവല്ല: അവിഹിത ഗർഭം ധരിച്ച യുവതി പ്രസവത്തിന് ശേഷം കുഞ്ഞിനെ കാമുകനെ ഏൽപ്പിച്ച് സംഭവത്തിൽ മാതാവും പിതാവും ഊരാക്കുടുക്കിൽ. കുഞ്ഞ് ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ സംരക്ഷണയിലായതോടെ ഇരുവർക്കുമെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും.

പെരുമ്പെട്ടി സ്വദേശി 24 വയസുള്ള ബസ് ഡ്രൈവർക്കാണ് മുപ്പത്തിയേഴുകാരിയിൽ കുഞ്ഞ് പിറന്നത്. സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലുള്ള വീട്ടമ്മ കുഞ്ഞിനെ കാമുകന് കൈമാറിയതോടെയാണ് കഥയിൽ ട്വിസ്റ്റുണ്ടായത്.

സോഷ്യൽ മീഡിയ വഴിയുള്ള പരിചയമാണ് അവിഹിത ഗർഭത്തിലെത്തിച്ചേർന്നത്. യുവതിയുടെ ഭർത്താവ് കുവൈറ്റിലാണ്. മകൾക്ക് പതിനാറു വയസുമുണ്ട്. യുവതി ഗർഭിണിയായ വിവരം വീട്ടുകാരിൽ നിന്നൊളിപ്പിച്ച് വച്ചിരുന്നു. കാമുകനാകട്ടെ ഗർഭിണിയായ കാമുകിയെ കൈയൊഴിയാതെ മാതൃക കാട്ടി. ജൂലൈ ഒടുവിലാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ യുവതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്.

മറ്റാരും കൂടെ നിൽക്കാനില്ലാത്തതിനാൽ ഒരു ഹോം നഴ്സിനെ കൊണ്ടു വന്നു. രണ്ടു ദിവസമായപ്പോഴേക്കും ശമ്പളം കിട്ടില്ലെന്ന് മനസിലാക്കിയാണോ എന്തോ ഹോം നഴ്സ് സ്ഥലം വിട്ടു. പ്രസവ വാർഡിൽ പുരുഷന്മാർക്ക് പ്രവേശനമില്ല. എന്നാൽ, ഈ യുവതിക്ക് ബൈ സ്റ്റാൻഡർ അത്യാവശ്യമാണെന്ന് ഡോക്ടർമാർ ശഠിച്ചു.

വേറെ ആരുമില്ലെന്നും താൻ മാത്രമേ ഉള്ളൂവെന്നും യുവാവ് അറിയിച്ചതോടെ ആശുപത്രി മാനേജ്മെന്റ് ഇയാളെ ബൈ സ്റ്റാൻഡർ ആയി നിർത്താൻ പ്രത്യേകം അനുമതി നൽകി. ജൂലൈ 28 ന് യുവതി സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. 31 ന് അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. പോകുന്ന വഴിക്ക് യുവതി കുഞ്ഞിനെ കാമുകനെ ഏൽപ്പിച്ചു.

തന്റെ വീട്ടിൽ സംഭവം അറിയാതെ ഇരിക്കാനാണ് ഇങ്ങനെ ചെയ്തത്. നവജാത ശിശുവുമായി കാമുകൻ വീട്ടിലെത്തി. അമ്മയും പെങ്ങളും എത്ര ചോദിച്ചിട്ടും കുട്ടി എവിടെ നിന്നാണെന്ന് യുവാവ് പറഞ്ഞില്ല. മൂന്നു ദിവസം മുലപ്പാൽ കുടിക്കാതെ കുഞ്ഞ് അവശ നിലയിലായതോടെ വീണ്ടും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

യുവാവിന്റെ മാതാവും സഹോദരിയും ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. പത്തനംതിട്ട ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന കൊല്ലം ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ കെ. സജിനാഥിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഇതിനിടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത കുഞ്ഞിനെ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ ഫീഡിങ് സെന്ററായ ഓമല്ലൂർ തണലിലേക്ക് മാറ്റി.

കുട്ടിയുടെ അമ്മയെയും കാമുകനെയും കണ്ടെത്തിയിട്ടുണ്ട്. കുട്ടി തന്റേതല്ലെന്ന് മാതാവും കാമുകനും നിഷേധിക്കുന്നുണ്ട്. പ്രസവിച്ചതിനും കൊണ്ടു പോയതിനുമെല്ലാം ആശുപത്രിയിൽ രേഖയും സിസിടിവി ദൃശ്യങ്ങളുമുണ്ട്. അതിനാൽ മാതാവിന്റെ വാദം നിലനിൽക്കില്ല. എന്നാൽ, കുട്ടി തന്റെയല്ലെന്ന കാമുകന്റെ വാദം പരിശോധിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടതുണ്ട്.

കുട്ടി ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ കൈയിലായതോടെ രണ്ടു പേരും വെട്ടിലായിരിക്കുകയാണ്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരം അമ്മയെ അറസ്റ്റ് ചെയ്യാം. ഇനി, കുട്ടി തന്റെയാണെന്ന് സമ്മതിച്ച് മാപ്പ് എഴുതി കൊടുത്താൽ അറസ്റ്റ് ഒഴിവാകും. അതിന് ശേഷം 200 രൂപ മുദ്രപത്രത്തിൽ സമ്മതപത്രം എഴുതി നൽകിയാൽ ചൈൽഡ് വെൽഫയർ കമ്മറ്റി കുട്ടിയെ ഏറ്റെടുക്കും.

കുട്ടിയുടെ മേൽ ഒരു അവകാശവും ഉന്നയിക്കില്ലെന്നുള്ളതാണ് സമ്മത പത്രത്തിൽ എഴുതേണ്ടത്. ഇതിന് ശേഷം ഏറ്റെടുക്കുന്ന കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മറ്റി ദത്ത് നൽകും. അതിന് മുന്നോടിയായി ഡിഎൻ പരിശോധനയിലൂടെ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുകയും ചെയ്യും. കുട്ടിയെ ഏറ്റെടുക്കാൻ തയാറാണെന്ന് യുവാവിന്റെ വീട്ടുകാർ താൽപര്യം പ്രകടിപ്പിച്ചു.

എന്നാൽ, അങ്ങനെ നൽകാൻ കഴിയില്ലെന്നും കാര്യങ്ങൾ നിയമപരമായി നീങ്ങുമെന്നും ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ സജി നാഥ് പറഞ്ഞു.