തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. സൗദി അറേബ്യയിലെ ദമാമിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കിയത്. വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടതിനേത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.

രാവിലെ 7.52 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന്, ഒരു മണിക്കൂറിനുള്ളിൽ വിമാനത്തിന്റെ വിൻഡ്ഷീൽഡിൽ വിള്ളൽ വീണത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി തിരിച്ചിറക്കിയത്.

കോവിഡ് മൂലം അന്താരാഷ്ട്ര യാത്രകൾക്ക് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് കാരണം വിമാനത്തിൽ യാത്രക്കാരില്ലായിരുന്നു. ചരക്കുമായി യാത്രതിരിച്ച വിമാനത്തിൽ എട്ട് ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൈലറ്റുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് തിരുവനന്തപുരം എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.