ന്ന് തിരുവോണം. എല്ലാ മലയാളിക്കും മറുനാടൻ മലയാളി ടീമിന്റെ സമൃദ്ധിയുടേയും ശാന്തിയുടേയും തിരുവോണാശംസകൾ. മലയാളിക്ക ഈ ദിവസം പ്രത്യാശയുടേയും സമൃദ്ധിയുടേയും ആഘോഷ ദിനമാണ്. മലയാളിയുടെ ദേശീയോത്സവ ദിനം.

മാവേലി ഭരണത്തിന്റെ ഓർമ്മയിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം ആഘോഷിക്കുകയാണ് മറ്റൊരു കോവിഡു കാലത്ത് മലയാളികൾ. ജാഗ്രത കൈവിടാത്ത മറ്റൊരു ഓണക്കാലം. ഓണപ്പൂക്കളത്തിനും ഓണക്കോടിക്കും ഓണസദ്യയ്ക്കുമുള്ളതെല്ലാം ഉത്രാട ദിനത്തിൽ തന്നെ മലയാളി ഒരുക്കി. ലോകത്തിന്റെ ഏതു കോണിലായാലും മലയാളി ഈ ദിനം ആഘോഷിക്കും.

ഇത്തവണയും കോവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളില്ല. വീടുകളിലാണ് ആഘോഷം. മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും ജലമേളകളും ഇത്തവണയും ഉണ്ടായില്ല. 'സോപ്പിട്ട്', 'മാസ്‌കിട്ട്', 'കരുതലുമായി വീണ്ടും തിരുവോണം.

ഓണത്തെ സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. പണ്ട് മഹാബലി എന്നൊരു അസുര ചക്രവർത്തി നാടു ഭരിച്ചിരുന്നു. ത്രിലോകങ്ങളെയും ജയിച്ചവനായിരുന്നു അദ്ദേഹം. മനുഷ്യരുടെ ക്ഷേമത്തിന് എന്തിലുമേറെ വില മതിച്ചിരുന്ന ചക്രവർത്തിയുടെ സൽഭരണം സ്വർഗ്ഗത്തിലെ ദേവന്മാരുടെ പ്രഭ മങ്ങുവാനിടയാക്കി. അതു വീണ്ടെടുത്തു നൽകാമെന്നു മഹാവിഷ്ണു സമ്മതിച്ചു.

അപ്രകാരം വാമനനെന്ന ബ്രാഹ്‌മണ ബാലനായി അദ്ദേഹം അവതരിച്ച്, തപസ്സു ചെയ്യുവാൻ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നൽകാമെന്നു സമ്മതിച്ചു. തൽക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനൻ രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവർത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനൻ ആ ശിരസ്സിൽ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു.

തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കൽ വന്നു കണ്ടുകൊള്ളാൻ മഹാബലിക്ക് വാമനൻ നൽകിയ അവസരമാണ് തിരുവോണമായി കേരളീയർ ആഘോഷിക്കുന്നത്.