തൊടുപുഴ: കാഞ്ഞാർ -മണപ്പാടി റോഡിലെ മൂന്നുങ്കവയലിന് സമീപം കാർ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് മരണമടഞ്ഞവർ ഒരേ സ്ഥാപനത്തിലെ ജീവനക്കാർ. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണിക്കൃഷ്ണൻ (30), കൂത്താട്ടുകുളം മംഗലത്തുതാഴം വട്ടിനാൽ പുത്തൻപുരയിൽ വിജയന്റെ മകൾ നിമ കെ വിജയൻ (31) എന്നിവരാണ് മരിച്ചത്. ഇരുവരും കൂത്താട്ടുകുളം ശ്രീധരീയം ആശുപത്രിയിലെ ജീവനക്കാരാണ്.

വാഗമൺ സന്ദർശിച്ച ശേഷം തിരിച്ചുവരവവെയായിരിക്കാം അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. കാഞ്ഞാറിന് സമീപം ശക്തമായ മലവെള്ളപാച്ചിലിൽ ഇവർ സഞ്ചരിച്ച കാർ കലുങ്കിൽ നിന്നും തോട്ടിലേക്ക് പതിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ കാഞ്ഞാർ പൊലീസും മൂലമറ്റം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടേയും മൃതദേഹങ്ങളും കാറും കണ്ടെത്തിയത്.

റോഡിൽ നിന്നും അരകിലേമീറ്ററോളം താഴെ തങ്ങിനിൽക്കുന്ന നിലയിലാണ് കാർ കണ്ടെത്തിയത്. ഈ സമയം നിമ മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കരയ്ക്കെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് നിഖിലിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദ്ദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. കാഞ്ഞാൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
വഴിത്തല സ്വദേശിയുടെ കാറിലാണ് ഇവർ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു

കനത്ത മഴയെ തുടർന്ന് തൊടുപുഴയിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞും വെള്ളം കയറിയും നിരവധി വീടുകൾ അപകടത്തിലായി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും 1.30 മീറ്റർ വീതം തുറന്ന് വിട്ടു. ദുരന്തബാധിത മേഖലകളിൽ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശനം നടത്തി.

അറക്കുളം പഞ്ചായത്തിൽ രണ്ടും, വെള്ളിയാമറ്റം, ഇടവെട്ടി പഞ്ചായത്തുകളിൽ ഒന്ന് വീതവും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വീട് പൂർണ്ണമായും തകർന്നവരേയും അപകട ഭീഷണിയിൽ കഴിയുന്നവരെയും ഇവിടേക്ക് മാറ്റി താമസിപ്പിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ദുരന്തമേഖലയിൽ സന്ദർശനം നടത്തി. വിവിധ വില്ലേജ് അധികൃതർ നാശനഷ്ടങ്ങളുടെ വിലയിരുത്തലും കണക്കെടുപ്പും നടത്തുന്നുണ്ട്.

തുടർച്ചയായി പെയ്യുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ അടിയന്തര ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് തൊടുപുഴ നഗരസഭ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ട് പ്രത്യക്ഷമായപ്പോൾ യുദ്ധകാല അടിസ്ഥാനത്തിൽ വെള്ളക്കെട്ടുകൾ നീക്കം ചെയ്യുകയും ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനും നടപടി സ്വീകരിച്ചു. രാത്രികാല ഡ്യൂട്ടിക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിച്ചു.