ഇടുക്കി: തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ച കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ സൂര്യനെല്ലിക്കേസിന് സമാനമായ രീതിയിൽ പീഡനങ്ങൾ നടന്നുവെന്ന് വ്യക്തമാകുന്നു. പതിനേഴുകാരി പീഡനത്തിന് ഇരയായത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയെന്ന് സിഡബ്ല്യുസി പറഞ്ഞു. അമ്മയ്ക്കും മുത്തശ്ശിക്കും എതിരെ കേസെടുക്കാൻ സിഡബ്ല്യുസി പൊലീസിന് നിർദ്ദേശം നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം 2020 ൽ നടത്തിയിരുന്നു. ഇതിൽ അമ്മയ്‌ക്കെതിരെ സിഡബ്ല്യുസി നിർദ്ദേശപ്രകാരം വെള്ളത്തൂവൽ പൊലീസ് കേസെടുത്തിരുന്നു. കുട്ടിയെ ബാലവേലയ്ക്ക് വിധേയമാക്കിയതിനും ഇവർക്കെതിരെ 2019 ൽ പരാതി ഉയർന്നിരുന്നു. എന്നാൽ ബന്ധു വീട്ടിൽ തുന്നൽ പഠിക്കുകയായിരുന്നെന്ന പെൺകുട്ടിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതി തള്ളിപ്പോയിരുന്നു.

പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ആറുപേരാണ് ഇതുവരെ പിടിയിലായത്. നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ കൂടി പൊലീസിന് കിട്ടിയിട്ടുണ്ട്. ഒന്നര വർഷത്തിനിടെ പതിനഞ്ചിലധികം പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുകൊണ്ടുപോയി പെൺകുട്ടിയെ പലർക്കും കൈമാറിയത്. ഇതിന് ഇയാൾ പണവും കൈപ്പറ്റി. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ബേബി ഭീഷണപ്പെടുത്തിയിരുന്നു. ഇയാൾക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അഞ്ചുമാസം ഗർഭിണിയാണ് പതിനേഴുകാരി.

അമ്മയും മുത്തശ്ശിയും മാത്രമാണ് കുട്ടിക്കുള്ളത്. അമ്മ രോഗിയാണ്. അച്ഛനില്ലാത്തതുകൊണ്ട് തന്നെ സാമ്പത്തികമായി വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ബേബി ഈ സാഹചര്യം മനസ്സിലാക്കി കുട്ടിയെ ബന്ധപ്പെടുകയും ജോലി വാഗ്ദാനം ചെയ്തു കൊണ്ട് പലർക്കും എത്തിച്ചു നൽകുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇനി പതിനഞ്ചോളം പേർ ഉണ്ട് എന്നാണ് പൊലീസിന്റെ പ്രാഥമിക കണക്ക്. ഇരുപതോളം പേർക്ക് പെൺകുട്ടിയെ കാഴ്ചവെച്ചു എന്നാണ് ബേബി പറയുന്നത്.

2020ൽ ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിൽ വെച്ച് പെൺകുട്ടിയെ ഒരു ഡ്രൈവറുമായി വിവാഹം നടത്താനുള്ള ശ്രമം നടന്നിരുന്നു. അന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുകയും വിവാഹം തടയുകയുമായിരുന്നു. രാജാക്കാട് പൊലീസായിരുന്നു വിഷയത്തിൽ ഇടപെട്ടത്. അതിന് ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി തന്നെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിശോധന നടത്തിയിരുന്നു. പിന്നീട് ഇവരുടെ ശ്രദ്ധക്കുറവ് ഉണ്ടായപ്പോഴാണ് പീഡനം തുടങ്ങുന്നത്.

സംഭവത്തിൽ ഇടനിലക്കാരൻ കുമാരംമംഗലം മംഗലത്തുവീട്ടിൽ രഘു (ബേബി-51), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂർ തങ്കച്ചൻ (56), ഇടവെട്ടി വലിയജാരം പോക്കളത്ത് ബിനു (43), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), കെ.എസ്.ഇ.ബി. ജീവനക്കാരൻ കല്ലൂർക്കാട് വെള്ളാരംകല്ല് വാളമ്പിള്ളിൽ സജീവ് (55), മലപ്പുറം പെരുന്തൽമണ്ണ മാളിയേക്കൽ ജോൺസൺ (50) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടനിലക്കാരനായ ബേബി പെൺകുട്ടിക്ക് ജോലി സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തങ്കച്ചനെ പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് തങ്കച്ചനും മറ്റു പ്രതികളും ചേർന്ന് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബേബിയുടെ പരിചയക്കാരാണ് മറ്റ് പ്രതികൾ. ഇവരിൽനിന്ന് പണം വാങ്ങിയ ശേഷമാണ് ബേബി പെൺകുട്ടിയെ കൈമാറിയതെന്ന് പൊലീസ് പറഞ്ഞു.

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിച്ചു. വിവരം അറിഞ്ഞ പൊലീസ്, പെൺകുട്ടിയുടെ മൊഴിയെടുക്കുകയും പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. ഇവർക്കെതിരെ പോക്‌സോ കേസും എടുത്തിട്ടുണ്ട്.