മോസ്‌കോ: അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങി.സംഭവവുമായി ബന്ധപ്പെട്ട് 3000ത്തിലേറെ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്.പുടിൻ അധികാരത്തിലുണ്ടായിരുന്ന വർഷങ്ങളിൽ നടന്ന ഏറ്റവും വലിയ ജനകീയ പ്രതിഷേധമാണ് ശനിയാഴ്ച നടന്നത്. രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിൽ മോസ്‌കോയിൽ മാത്രം 40,000ത്തിലേറെ പേരാണ് പങ്കെടുത്തതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.പ്രതിഷേധക്കാരെ പൊലീസ് മർദ്ദിക്കുന്നതിന്റെയും വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെയും നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന ജനങ്ങളെ പൊലീസ് അടിച്ചമർത്തിയതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ കടുത്ത വിമർശകനായ അലക്സി നവാൽനിയെ ജനുവരി 18നാണ് മോസ്‌കോ എയർപോർട്ടിൽവെച്ച് അറസ്റ്റ് ചെയ്തത്.വിഷബാധയേറ്റ് ചികിത്സയിലായിരുന്ന നവാൽനി ജർമ്മനിയിൽ നിന്നും മോസ്‌കോയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.അറസ്റ്റിന് തൊട്ടുപിന്നാലെ തന്നെ നവാൽനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റഷ്യയുടെ വിവിധ ഭാഗങ്ങളിൽ സമരങ്ങൾ ആരംഭിച്ചിരുന്നു.കഴിഞ്ഞ വർഷം ആഗസ്റ്റിൽ സൈബീരിയയിൽ നിന്നും മോസ്‌കോവിലേക്കുള്ള വിമാനയാത്രക്കിടെയാണ് അലക്സി നവാൽനിക്ക് വിഷബാധയേറ്റത്. തുടർന്ന് ഇദ്ദേഹം ആഴ്ചകളോളം കോമയിലായിരുന്നു. മോസ്‌കോയിലെത്തിയാൽ നവാൽനി അറസ്റ്റ് ചെയ്യപ്പെടുമെന്ന് വ്യാപകമായി പ്രചച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. 2014ലെ ഒരു തട്ടിപ്പ് കേസിൽ അറസ്റ്റിലായ നവാൽനിക്കെതിരെ പരോൾ നിബന്ധനകൾ ലംഘിച്ചതിന് കേസുണ്ടായിരുന്നു.ഈ കേസിൽ കോടതി വിധി വരും വരെ നവാൽനിയെ കസ്റ്റഡിയിൽ വെക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തനിക്കെതിരെ റഷ്യൻ സർക്കാർ രജിസ്റ്റർ ചെയ്ത കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് നവാൽനി പറയുന്നത്.

അലക്‌സി നവാൽനി റഷ്യൻ സർക്കാരിന്റെയും വ്‌ളാഡ്മിർ പുടിന്റെയും കടുത്ത വിമർശകനായിരുന്നു.റഷ്യയുടെ ചോര ഊറ്റികുടിക്കുകയാണ് വ്‌ളാഡ്മിർ പുടിൻ എന്ന് നിരവധി തവണ പൊതുമധ്യത്തിൽ ആവർത്തിച്ചയാൾ കൂടിയാണ് നവാൽനി. പുടിൻ ഏറ്റവും കൂടുതൽ ഭയക്കുന്ന പ്രതിപക്ഷ നേതാവെന്നാണ് അലക്‌സി നവാൽനിയെ വാൾസ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ചത്.യൂറോപ്യൻ യൂണിയൻ നയതന്ത്ര വിഭാഗം മേധാവി ജോസഫ് ബോറൽ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു. തിങ്കളാഴ്ച വിഷയത്തിലെ അടുത്ത നടപടികൾ ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.അതേസമയം നവാൽനിയെ അറസ്റ്റ് ചെയ്ത റഷ്യൻ നടപടിക്കെതിരെ ജർമ്മനി ശക്തമായ വിമർശനം ഉന്നയിച്ചു. പൗരന്മാരുടെ അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം റഷ്യയ്ക്കുണ്ടെന്നും ജർമ്മനി അറിയിച്ചു. ജർമ്മനിക്ക് പുറമെ ഇറ്റലി, ഫ്രാൻസ്, യു.കെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.