മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടായ മതോശ്രീയുടെ സുരക്ഷ ശക്തമാക്കി. കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ പേരിലുള്ള ഭീഷണി സന്ദേശത്തെ തുടർന്നാണ് നടപടി. ഉദ്ധവിന്റെ വീടായ മതോശ്രീ ബോംബുവച്ച് തകർക്കുമെന്ന ഭീഷണി സന്ദേശവും ലഭിച്ചിട്ടുണ്ടെന്ന് സീന്യൂസ് റിപ്പോർട്ടു ചെയ്തു. ദുബായിൽനിന്ന് ദാവൂദിന് വേണ്ടിയെന്ന് അവകാശപ്പെടുന്ന നാല് ഫോൺ കോളുകളാണ് ലാൻഡ് ഫോണിലേക്ക് വന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ദാവൂദ് ഇബ്രാഹിമിനു വേണ്ടിയാണ് വിളിക്കുന്നതെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും ഫോൺ വിളിച്ചയാൾ പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെയാണ് മുൻകരുതലിന്റെ ഭാഗമായി പൊലീസ് വീടിന്റെ സുരക്ഷ ശക്തമാക്കിയത്. ഫോൺ വിളിച്ചത് ആരാണെന്നും എവിടെനിന്നാണെന്നും കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് മുംബൈ പൊലീസ് പറഞ്ഞു.