കൊച്ചി: ആലത്തൂർ എംപിയും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് നേരെയുണ്ടായ അതിക്രമത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നിലെന്ന് പറഞ്ഞ അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ:പതനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞു. രമ്യാ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ട. പൊലീസ് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം പ്രവർത്തകർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് എംപി നേരത്തെ പരാതി നൽകിയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ അടക്കമുള്ളവർക്കെതിരേയാണ് രമ്യ ഹരിദാസിന്റെ പരാതി. അവർ പൊലീസിൽ പരാതി നൽകി.

ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂർ പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം. മണ്ഡലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന രമ്യ ഹരിദാസ് എംപി പൊലീസ് സ്റ്റേഷന് സമീപം ഹരിതകർമ സേന പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. ഈ സമയം ചില സിപിഎം പ്രവർത്തകർ തടയാനെത്തി എന്നാണ് രമ്യ ഹരിദാസ് ആരോപിക്കുന്നത്. ഒപ്പം മോശമായ വാക്കുകൾ ഉപയോഗിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും എംപി ആരോപിക്കുന്നു.

ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ അടക്കം എട്ടോള്ളം പേരാണ് ഉണ്ടായിരുന്നതെന്നാണ് എംപി പറയുന്നത്. നാസർ അടക്കമുള്ളവരാണ് വധഭീഷണി മുഴക്കിയതെന്നാണ് ആരോപണം. ആലത്തൂർ മണ്ഡലത്തിൽ ഇനി കാലുകുത്തിയാൽ കൊല്ലുമെന്ന് അടക്കുമുള്ള ഭീഷണിയുണ്ടായെന്നാണ് രമ്യ ഹരിദാസ് പറയുന്നത്. തുടർന്ന് അവർ തൊട്ടടുത്തുള്ള സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് അടക്കം എത്തിയാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്.