തിരുവനന്തപുരം: വർഗീയതയ്ക്കെതിരെയുള്ള പ്രസംഗത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ വൈദികന് ഭീഷണി. സത്യദീപം അസോസിയേറ്റ് എഡിറ്ററായ ഫാദർ ജെയിംസ് പനവേലിനാണ് ഭീഷണി. ഫേസ്‌ബുക്കിലൂടെയും ഫോണിലൂടെയുമാണ് തനിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നതെന്ന് ഫാദർ ജെയിംസ് പനവേലി പറഞ്ഞു.തനിക്കെതിരെ നടക്കുന്നത് ആസൂത്രിത ആക്രമണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

'സൈബർ അറ്റാക്ക് എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ അനുഭവിക്കുന്നു. വിളിക്കുന്ന ഓരോ ഫോൺ കോളുകളുടെയും ഭാഷയും, ശൈലിയുമൊക്കെ ഏകദേശം ഒരുപോലെയാണ്. കൃത്യമായ അജണ്ടയോടുകൂടി സമീപിക്കുന്നതായി എനിക്ക് തോന്നുന്നുണ്ട്. ഒരു സിനിമയിലോ, പോസ്റ്ററിലോ അല്ല വിശ്വാസമിരിക്കുന്നതെന്ന് നമുക്കറിയാം. ഈശോ എന്ന സിനിമ ഇറങ്ങിയിട്ടുപോലുമില്ല. അതിന്റെ ഉള്ളടക്കം എന്താണെന്ന് നമുക്കറിയത്തുമില്ല. നമ്മളാരും ആ സംവിധായകനോട് സംസാരിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് നമുക്ക് ആ സിനിമയെ ജഡ്ജ് ചെയ്യാൻ പറ്റുക.' - അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ കുറച്ചുകാലങ്ങളായാണ് ഇത്രമേൽ വർഗ്ഗീയത സോഷ്യൽ മീഡിയകളിൽ കണ്ടുതുടങ്ങിയതെന്ന് ഫാദർ ജെയിംസ് പറയുന്നു. ഇത് എല്ലാ മതങ്ങളിലും കടന്നുകയറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറലായ പ്രസംഗത്തിന് പിന്നാലെ കനത്ത സൈബർ ആക്രമണമാണ് നേരിട്ടതെന്ന് ഫാദർ ജെയിംസ് പറയുന്നു. പ്രതികരിക്കുക എന്നുള്ളത് നല്ലതാണെന്നും എന്നാൽ അത് മാനവികവും ക്രിസ്തീയവുമാകണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ഫേസ്‌ബുക്കിലും മറ്റും ക്രിസ്തീയ സംരക്ഷണത്തിന്റേതെന്ന പേരിൽ വരുന്ന പല കമന്റുകളുടെയും സ്വഭാവത്തിലും ശൈലിയിലും ക്രിസ്തീയതയുടെയും മാനവികതയുടെയും യാതൊരംശവുമില്ലെന്നും ഫാദർ ജെയിംസ് വിമർശിച്ചു. ഇത്തരം കമന്റുകളെ കഴിഞ്ഞ ദിവസങ്ങളിൽ തനിക്കും നേരിടേണ്ടി വന്നതായി അദ്ദേഹം പറയുന്നു. നിരന്തരമായി ഇത്തരം ഫോൺകോളുകളും വരുന്നതായി ഫാദർ പറയുന്നു. അത്രമാത്രം അസഹിഷ്ണുതയാണ് ഉണ്ടാകുന്നത്. ഒരു പേരിലോ, പോസ്റ്ററിലോ, സിനിമയിലോ കൈമോശം വരേണ്ടതാണോ വിശ്വാസമെന്ന് ഫാദർ ജെയിംസ് ചോദിക്കുന്നു.

വിശ്വാസമെന്നാൽ വികാരമല്ലെന്നും ഒരു നിലപാടാണെന്നും അദ്ദേഹം പറയുന്നു. പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതിനാൽ ഭയമില്ലെന്നും മാറ്റിപ്പറയാനാഗ്രഹിക്കുന്നില്ലെന്നും ഫാദർ ജെയിംസ് പനവേലിൽ വ്യക്തമാക്കി.