മുംബൈ: മൂന്ന് മാസത്തിനിടെ 27കാരി വിവാഹം കഴിച്ചത് മൂന്നു പേരെ. ഭർത്താവും ഒരു മകനുമുള്ള യുവതിയാണ് പണവും സ്വർണവും കൈക്കലാക്കാനായി വിവാഹ തട്ടിപ്പിനിറങ്ങിയത്. തട്ടിപ്പിനിരയായ ഒരു യുവാവ് പരാതി നൽകിയതോടെ പണവും സ്വർണവുമായി കടന്ന യുവതി ഒടുവിൽ പൊലീസ് പിടിയിലായി. വിജയ അമൃതെ എന്ന യുവതിയാണ് അറസ്റ്റിലായത്.

മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് 27കാരി അറസ്റ്റിലായത്. നാസിക് സ്വദേശിയായ യോഗേഷിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ഒരു മകനുള്ള യുവതി, ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഭർത്താവിനൊപ്പം തട്ടിപ്പിനിറങ്ങിയത്. വിവാഹദിനം രാത്രി വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുന്നതായിരുന്നു യുവതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

വിജയ വിവാഹിതയും നാലു വയസുള്ള മകന്റെ അമ്മയുമാണ്. ലോക്ക്ഡൗൺ കാലയളവിൽ അവൾക്ക് ജോലി നഷ്ടപ്പെട്ടു, വീടിന്റെ വാടക നൽകാൻ കഴിഞ്ഞില്ല. പണം കടം വാങ്ങാൻ പാടുപെടുന്നതിനിടയിൽ, സില്ലെഖാനയിൽ താമസിക്കുന്ന ദമ്പതികളെ അവളുടെ സുഹൃത്ത് വഴി പരിചയപ്പെടുത്തി.

സുഹൃത്ത് അതിവേഗം പണം സമ്പാദിക്കാനുള്ള തട്ടിപ്പ് മാർ​ഗങ്ങൾ യുവതിയോട് വിശ​ദീകരിച്ചു. തൽഫലമായി, വിജയ റാക്കറ്റിന്റെ ഭാഗമാകാൻ സമ്മതിച്ചു. അതേസമയം, വധുവിനായി തിരയുന്നയാൾ ഒരു ഏജന്റായ പ്രകാശ് ഖരതിനെ ബന്ധപ്പെട്ടു. ഖരത് വിജയയുടെ ഫോട്ടോ കാണിച്ചു. അവരെ പരിചയപ്പെടുത്താൻ ഖരത് ഒരു മീറ്റിങ് സംഘടിപ്പിച്ചു. ഇരുവരും പരസ്പരം താൽപര്യം പ്രകടിപ്പിച്ചപ്പോൾ, യുവാവ് വിവാഹ ക്രമീകരണങ്ങൾ ചെയ്യുന്നതിന് ഒരു ലക്ഷം രൂപയും മാതൃസഹോദരന് ഒരു ലക്ഷം രൂപയും ഏജന്റിന് ഒരു ലക്ഷം രൂപയും നൽകുമെന്ന് കരാറിലെത്തി. വധുവിന് നൽകുന്ന വിവാഹ ആഭരണങ്ങൾക്ക് പുറമേയായിരുന്നു ഇത്.

വിവാഹം കഴിയുന്നതോടെ ആഭരണങ്ങളും പണവുമായി മുങ്ങുന്നതായിരുന്നു യുവതിയുടെ രീതി. നാസിക് സ്വദേശിയായ യോഗേഷിനും ഇത്തരത്തിൽ നഷ്ടമായത് ലക്ഷങ്ങളാണ്. ഇതോടെ യുവാവ് പരാതി നൽകുകയായിരുന്നു. യുവാവിൽ നിന്നും തട്ടിപ്പ് സംഘത്തെ കുറിച്ച് മനസ്സിലാക്കിയ പൊലീസ് യുവതിയെ പിടികൂടി. യുവതിയിൽ നിന്നാണ് താൻ തട്ടിപ്പിനിരയാക്കിയ മറ്റ് രണ്ടുപേരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.